ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് പുറത്ത്

മെല്‍ബണ്‍: പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. കസാഖ്‌സ്താന്‍ താരവും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ എലെന റൈബാക്കിനയാണ് സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒന്നാം നമ്പര്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍: 6-4, 6-4.
ഒന്നര മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലായിരുന്നു നിലവിലെ ഫ്രഞ്ച്, യുഎസ് ഓപ്പണ്‍ ജേതാവായ സ്വിയാറ്റെക്കിന്റെ തോല്‍വി. 22-ാം സീഡായ റൈബാക്കിനയ്ക്ക് ക്വാര്‍ട്ടറില്‍ ലാത്വിയയുടെ ജെലെന ഒസ്റ്റപെന്‍കോയാണ് എതിരാളി. ഇതാദ്യമായാണ് റൈബാക്കിന ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.
കൊക്കോ ഗൗഫും പുറത്ത്
അമേരിക്കയുടെ 18-കാരി കൊക്കോ ഗൗഫും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. പ്രീ ക്വര്‍ട്ടര്‍ പോരാട്ടത്തില്‍ ലാത്വിയയുടെ ജെലെന ഒസ്റ്റപെന്‍കോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-5, 6-3) ഗൗഫിനെ പരാജയപ്പെടുത്തിയത്.
Content Highlights: Australian Open 2023 Elena Rybakina stuns world No 1 Iga swiatek