പരിക്കിനെ തോൽപ്പിച്ച് ട്രാക്കിലെ കൊടുങ്കാറ്റായി അതുൽ: തകർത്തത് 37 വർഷം പഴക്കമുള്ള റെക്കോഡ്

പരിക്ക് വില്ലനായി കരിയർ തന്നെ വഴിമാറ്റിയ ഒരു കൗമാരക്കാരന് എത്ര വേഗത്തിൽ കുതിക്കാനാകും? സംസ്ഥാന ഒളിമ്പിക്സിന്റെ റെക്കോഡ് ബുക്കിൽ അത് 10.81 സെക്കൻഡാണ്. അത്രയും വേഗത്തിലാണ് അതുൽ ടി.എം. ഓടിയെത്തിയത്. ആൺകുട്ടികളുടെ നൂറുമീറ്റർ ജൂനിയർ വിഭാഗത്തിലാണ് അതുൽ ചരിത്രമെഴുതിയത്. സാംജി സാറെന്ന പരിശീലകന്റെ ഒപ്പം ചേർന്ന് ഓടിത്തുടങ്ങിയതുമുതലാണ് അതുൽ റെക്കോഡുകൾ വെട്ടിപ്പിടിക്കുന്നത്. ചരിത്രം കുറിച്ച ആ നിമിഷത്തിൽ അതുലിന് പറയാനുള്ളതും സാറിനെപ്പറ്റി തന്നെ, സാംജി സാറാണ് ഇവിടം വരെ എത്തിച്ചത്. ഞാൻ ഇവിടെ നിൽക്കുന്നതുവരെ സാറ് കാരണമാണ്.
10.81 സെക്കൻഡുകൾ കൊണ്ടാണ് അതുൽ ഫിനിഷ് ചെയ്തത്. രണ്ടാമതെത്തിയ താരത്തേക്കാൾ ബഹുദൂരം മുന്നിലായി അതുൽ കുതിച്ച് ഫിനിഷിങ് പോയന്റ് തൊട്ടു. ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂൾ വിദ്യാർഥിയാണ് അതുൽ. 37 വർഷം മുമ്പുള്ള റെക്കോഡാണ് അതുൽ കൊടുങ്കാറ്റായപ്പോൾ പഴങ്കഥയായത്. 1988 ജിവിരാജ സ്പോർട്സ് സ്കൂളിലെ രാം കുമാറിന്റെ റെക്കോഡാണ് അതുൽ തകർത്തത്. 10.9 സെക്കൻഡിലാണ് അന്ന് രാം കുമാർ ഫിനിഷ് ചെയ്തത്.
മീറ്റ് റെക്കോഡ് തകർത്തതിൽ വലിയ സന്തോഷമുണ്ടെന്ന് അതുൽ പറഞ്ഞു. സാംജി സാറാണ് കൂടുതൽ സന്തോഷിക്കുന്നത്. വീട്ടിൽ എല്ലാവരും നല്ല പിന്തുണയാണ്. ഓട്ടോ ഡ്രൈവറാണ് അച്ഛൻ. മെഡലും കൊണ്ട് വരണമെന്നാണ് അച്ഛൻ പറഞ്ഞത്. സ്വർണം പ്രതീക്ഷിച്ചുതന്നെയാണ് ഇവിടെ വന്നത്. എന്നാൽ റെക്കോഡ് കൂടി തകർക്കാനായതിൽ വളരെ സന്തോഷമുണ്ട്. മഴ ആയതിനാൽ നല്ല രീതിയിൽ പരിശീലനം നടത്താനായില്ലെന്നും അതുൽ പറയുന്നു.
ഒന്നാം സ്ഥാനത്തിന് വേണ്ടി തന്നെയാണ് കായികമേളയിൽ വന്നതെന്നും മീറ്റ് റെക്കോഡ് നേടാനായത് ഇരട്ടി സന്തോഷം നൽകുന്നുവെന്നും പരിശീലകൻ സാംജി പറഞ്ഞു. മൂന്നു വർഷമായി ഞാൻ അവനെ പരിശീലിപ്പിക്കുന്നു. അവൻ പരിശീലനം ആരംഭിച്ചതുതന്നെ എന്റെ കൂടെയാണ്. സ്കൂളിൽ നിന്നും നല്ല പിന്തുണയാണ് അതുലിന് ലഭിച്ചത്. ഇതുപോലുള്ള സ്കൂളുകളാണ് ചാമ്പ്യന്മാരെ ഉണ്ടാക്കുന്നത്. - സാംജി പറഞ്ഞു. റെക്കോഡ് നോക്കിയിട്ടുപോലുമില്ല. അതിനെക്കുറിച്ച് അറിയുകയുമില്ല. പരിശീലനത്തിൽ മഴ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഈ നേട്ടത്തിൽ അതീവസന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോങ് ജംപ് താരം കൂടിയായ അതുൽ പരിക്കേറ്റതിന് പിന്നാലെയാണ് അത് ഉപേക്ഷിക്കുന്നത്. ചാടുമ്പോൾ അസഹ്യമായ വേദന ഉണ്ടാകുന്നതാണ് തിരിച്ചടിയായത്. പിന്നാലെ 100 മീറ്ററിലേക്ക് ട്രാക്ക് മാറ്റി. വൈകാതെ 200 മീറ്ററിലും അതുൽ കുതിച്ചു. അഞ്ച് ഇവന്റുകൾ കൂടിച്ചേരുന്ന പെന്റാത്തലണിലും സമാനതകളില്ലാത്ത നേട്ടം അതുൽ കൈവരിച്ചു. ദേശീയതലത്തിൽ വെങ്കലം നേടിയ അതുൽ സംസ്ഥാനതലത്തിലെ റെക്കോഡുകാരനുമാണ്. കഴിഞ്ഞതവണയാണ് അതുൽ റെക്കോഡിട്ടത്. ഇപ്പോഴിതാ മറ്റൊരു റെക്കോഡും സ്വന്തമാക്കി അതുൽ കൗമാരമേളയിൽ കൊടുങ്കാറ്റാകുന്നു.
Content Highlights: Injured athlete Atul TM overcomes setbacks to break a 37-year-old 100m junior record at the State Olympics with a stunning 10.81 seconds. Dedicated to his coach.