വിദർശയ്ക്ക് തിരുവനന്തപുരത്ത് ഗംഭീര സ്വീകരണം; സർക്കാർ ജോലിക്ക് ശുപാർശ, നൽകിയാൽ സന്തോഷമെന്ന് താരം

തിരുവനന്തപുരം: ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടി ചരിത്രം കുറിച്ച ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. കായിക വകുപ്പാണ് സ്വീകരണമൊരുക്കിയത്. തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ വിദർശയെ കാണാൻ നിരവധി ആരാധകരും കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു.
തനിക്ക് ലഭിച്ച വൻ സ്വീകരണത്തിൽ ഏറെ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. ''എന്റെ രാജ്യത്തിനും കേരളത്തിലെ ജനങ്ങൾക്കും വേണ്ടിയാണ് ഞാൻ ഈ മെഡൽ നേടിയത്. ഇത്രയും വലിയൊരു സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെയെത്തിയതിൽ വളരെ സന്തോഷവും ആവേശവുമുണ്ട്.'' - വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ വിദർശ പറഞ്ഞു.
അതേസമയം വിദർശയുടെ ചരിത്രപരമായ നേട്ടത്തെ തുടർന്ന് താരത്തിന് അനുയോജ്യമായ സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കായിക മന്ത്രി ഒ.ജെ. ജനീഷ് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. കായിക ക്വാട്ട വ്യവസ്ഥകൾ പ്രകാരം വിദർശയുടെ യോഗ്യത പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. ഈ നിയമനം വിദർശയ്ക്കുള്ള അർഹമായ അംഗീകാരമായിരിക്കുമെന്നും സംസ്ഥാനത്തെ യുവ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളം ജോലി നൽകിയാൽ സന്തോഷം - വിദർശ
സംസ്ഥാനസർക്കാർ ജോലി നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഏഷ്യൻ ഗെയിംസ് ഇരട്ട വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദ്. ഒരു വർഷംമുൻപുതന്നെ മറ്റ് പല സ്ഥലങ്ങളിൽനിന്നും ജോലിവാഗ്ദാനം ലഭിച്ചെങ്കിലും സ്വീകരിച്ചില്ലെന്നും ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിലൂടെ കേരളത്തിൽ ജോലിയെന്ന ആഗ്രഹം സഫലമാകുമെന്നാണ് കരുതുന്നതെന്നും വിദർശ പറഞ്ഞു. ജപ്പാനിൽനിന്ന് കേരളത്തിലെത്തിയ വിദർശ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു.
രാജ്യത്തിനായി മെഡൽ നേടിയതിൽ ഒരുപാട് സന്തോഷമുണ്ട്. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. കേരളത്തിൽനിന്നടക്കം മികച്ച പിന്തുണയാണ് ലഭിച്ചത്. ഇരട്ട മെഡൽനേട്ടം ജീവതത്തിലെ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. ലോക ചാമ്പ്യൻഷിപ്പാണ് അടുത്ത ലക്ഷ്യം. അതിനായി ഇപ്പോഴെ പരിശീലനം തുടങ്ങും. ഒളിമ്പിക്‌സിലേക്കുള്ള വാതിലാണ് ലോക ചാമ്പ്യൻഷിപ്പെന്നും വിദർശ പറഞ്ഞു.
ഷൂട്ടിങ്ങിലേക്ക് കൂടുതൽ പേർ കടന്നുവരണമെന്ന് വിദർശ പറഞ്ഞു. കഠിനാധ്വാനം ചെയ്താൽ നേട്ടങ്ങൾ പിറകേ വരും. സമൂഹത്തിൽനിന്ന് മികച്ച പിന്തുണ ലഭിക്കും. ഏതൊരു സാധാരണക്കാരനും രാജ്യത്തിനായി മെഡലുകൾ നേടാനാകുമെന്നും താൻ അതിന് ഉദാഹരണമാണെന്നും വിദർശ പറഞ്ഞു.
ചടങ്ങിൽ വെച്ച് വിദർശയ്ക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികം കേരള റൈഫിൾ അസോസിയേഷൻ സെക്രട്ടറി വി.സി. ജയിംസ് പ്രഖ്യാപിച്ചു. വിദർശയുടെ ഭർത്താവും കോച്ചുമായ മനു എസ്. രവി, പത്രപ്രവർത്തക യൂണിയൻ ജില്ലാപ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ പങ്കെടുത്തു.
ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിലെ ടീം ഇനങ്ങളിലാണ് വിദർശ രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ കായികതാരം എന്ന നേട്ടവും വിദർശ ഇതിലൂടെ സ്വന്തമാക്കി.
ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമായ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ആദ്യ വെള്ളി കരസ്ഥമാക്കിയത്. വിദർശ, എളവെനിൽ വാളറിവൻ, സോനം ഉത്തം മാസ്‌കർ എന്നിവരടങ്ങിയ സംഘം 1898.0 പോയിന്റുകൾ നേടിയാണ് രണ്ടാം സ്ഥാനം നേടിയത്.
വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വിദർശ, തിലോത്തമ സെൻ, ആഷി ചൗക്‌സി എന്നിവരടങ്ങിയ ടീമാണ് രണ്ടാമത്തെ വെള്ളി നേടിയത്. വിദർശയും തിലോത്തമയും വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു.
Content Highlights: Vidharsha K Vinod won two silver medals at the Aichi-Nagoya Asian Games in shooting., She received a warm welcome upon arriving at the Thiruvananthapuram airport., Sports Minister recommended a government job for Vidharsha through the sports quota., Vidharsha expressed her happiness and stated that a Kerala government job would fulfill her wish.