സ്‌കൂള്‍ കായികമേള; സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി തിരുവനന്തപുരം, ഐഡിയലും ജിവി രാജയും മികച്ച സ്‌കൂളുകള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൊടിയിറങ്ങി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു. കായികമേളയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടമാണ് തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരാകുന്നത്. തൃശ്ശൂര്‍ രണ്ടാമതെത്തിയപ്പോള്‍ കണ്ണൂര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.
1825 പോയിന്റുമായാണ് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരം ജില്ല സ്വന്തമാക്കിയത്. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്.
ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോള്‍ തൃശൂര്‍ ജില്ലാ രണ്ടാമതായത് 149 പോയിന്റുകള്‍ നേടിയാണ്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി.
അത്‌ലറ്റിക്‌സ് ജനറല്‍ വിഭാഗത്തിലെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിനാണ്. 78 പോയന്റോടെയാണ് നേട്ടം. 58 പോയന്റുമായി പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ് റണ്ണറപ്പായി. 57 പോയന്റോടെ മലപ്പുറം തിരുനാവായ നാവാമുകുന്ദ എസ്എസ്എസാണ് സെക്കന്റ് റണ്ണറപ്പ്.
അത്‌ലറ്റിക്‌സിലെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനാണ്. 57 പോയന്റോടെയാണ് നേട്ടം. എട്ടു പോയന്റ് വീതം നേടി കൊല്ലം സായിയും വയനാട് സിഎസ്എച്ചും രണ്ടാം സ്ഥാനത്തെത്തി.
ജൂനിയര്‍ ഗേള്‍സിലും സീനിയര്‍ ബോയ്‌സിലും വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് ഇരട്ട അവകാശികള്‍
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിലെ രണ്ടാം പതിപ്പില്‍ അത്ലറ്റിക്‌സിലെ വ്യക്തിഗത ചാമ്പ്യന്‍ പട്ടികയില്‍ ജൂനിയര്‍ ഗേള്‍സ്, സീനിയര്‍ ബോയ്‌സ് വിഭാഗങ്ങളില്‍ ഇരട്ട അവകാശികള്‍. 2000 രൂപയും മൊമന്റേയും ആണ് വ്യക്തികത ചാമ്പ്യന്മാര്‍ക്ക് ലഭിക്കുന്നത്. 'സ്‌പോര്‍ട്‌സ് ഈസ് മൈ ലൈഫ്' സംഘടനയാണ് ഈ അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്.
വ്യക്തിഗത ചാമ്പ്യന്മാരുടെ പട്ടിക:
സബ് ജൂനിയര്‍ ഗേള്‍സ്:
1) ശ്രീനന്ദ, ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തിരുവനന്തപുരം (13 പോയിന്റ്)
2) അല്‍ക്ക ഷിനോജ്, സെന്റ് ജോര്‍ജസ് എച്ച്എസ്എസ്, കുളത്തുവയല്‍, കോഴിക്കോട്. (13 പോയിന്റ്)
ജൂനിയര്‍ ഗേള്‍സ്: നിവേദ്യ കലാധര്‍, വിഎംഎച്ച്എസ് വടവന്നൂര്‍, പാലക്കാട്. (15 പോയിന്റ്)
സീനിയര്‍ ഗേള്‍സ്: ആദിത്യ അജി, നാവാമുകുന്ദ എച്ച്എസ്എസ്, മലപ്പുറം. (15 പോയിന്റ്)
സബ് ജൂനിയര്‍ ബോയ്‌സ്: സഞ്ജയ്. സെന്റ ജോസഫസ് എച്ച്എസ്എസ് പുല്ലൂരാംപാറ, കോഴിക്കോട് (10 പോയിന്റ്)
ജൂനിയര്‍ ബോയ്‌സ്: ടി എം അതുല്‍, ഗവ. ഡിവിഎച്ച്എസ്എസ്, ആലപ്പുഴ (10 പോയിന്റ്)
സീനിയര്‍ ബോയ്‌സ്:
1) ജഫ്രല്‍ മനോജ് അന്ത്രപേര്‍, ഐഡിയല്‍ ഈ എച്ച് എസ് എസ്, മലപ്പുറം. (11 പോയിന്റ്)
2) സി കെ. ഫസലുല്‍ ഹഖ്, നാവാമുകുന്ദ എച്ച്എസ്എസ്, മലപ്പുറം. (11 പോയിന്റ്).
Content Highlights: Thiruvananthapuram district clinched the overall championship title for the second consecutive year at the State School Sports Meet. Read highlights and results