ഡൽഹി ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/gupta_rekha
Photo: x.com/gupta_rekha

ന്യൂഡൽഹി: മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഡൽഹി മോത്തി നഗറിൽ ആരംഭിച്ച ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഈ പ്രഖ്യാപനം നടത്തിയത്. രേഖ ഗുപ്തയുമായി വെള്ളിയാഴ്ച സഞ്ജു കൂടിക്കാഴ്ച നടത്തി.

ഡൽഹിയിലെ യുവാക്കളെ നൈപുണ്യ വികലനത്തിനും തൊഴിലവസരങ്ങൾക്കും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും പ്രചോദിപ്പിക്കുകയാണ് സഞ്ജുവിനെ ബ്രാൻഡ് അംബാസഡറായി കൊണ്ടുവരുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ വ്യക്തമാക്കി.

തന്റെ കരിയറിന്റെ തുടക്കകാലം ചെലവഴിച്ച നഗരത്തിലേക്ക് സഞ്ജു മടങ്ങിയെത്തുന്നത് ഡൽഹിയിലെ കായികപ്രേമികൾക്കും യുവാക്കൾക്കും വലിയ ആവേശം പകരുന്ന ഒന്നാണ്. തന്റെ ബാല്യകാലം ചെലവഴിച്ചതും ക്രിക്കറ്റ് യാത്ര ആരംഭിച്ചതുമായ ഡൽഹിയുമായി സഞ്ജുവിന് പ്രത്യേകമായ ബന്ധമുണ്ട്.

പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സഞ്ജുവിന്റെ പുതിയ ചുമതലയെ എല്ലാവരും അഭിനന്ദിച്ചു. യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഭാവി അധിഷ്ഠിത നൈപുണ്യങ്ങളിൽ പരിശീലനം നൽകുകയാണ് ജൻ കൗശൽ കേന്ദ്രം ലക്ഷ്യമിടുന്നത്.

Content Highlights: Sanju Samson appointed as brand ambassador for Delhi Jan Kaushal Kendra., Announcement made by Delhi Chief Minister Rekha Gupta., Aims to empower Delhi youth with skill development and employment opportunities., Focuses on providing training in future-oriented skills including Artificial Intelligence.