തോറ്റാലും കുഴപ്പമില്ല, തട്ടിപ്പ് നടത്തരുതെന്നാണ് അച്ഛൻ പഠിപ്പിച്ചത്- വിദ്യാർഥി പ്രതിഷേധത്തിൽ സച്ചിൻ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികൾ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരിച്ച് സച്ചിൻ തെണ്ടുൽക്കർ. വിദ്യാർഥികളുടെ കഠിനാധ്വാനം ഒരിക്കലും പാഴായിപ്പോകരുതെന്നും സുതാര്യവും മെറിറ്റിന് മുൻഗണന നൽകുന്നതുമായ ഒരു വ്യവസ്ഥ ആവശ്യമാണെന്നും സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന ഒരു സംസ്‌കാരം നാം വളർത്തിയെടുക്കണമെന്നും ഫലമില്ലാതെ വരുമ്പോൾ വിദ്യാർഥികൾക്ക് നിരാശ തോന്നുമെന്നും അദ്ദേഹം കുറിച്ചു. ഇത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാതിരിക്കാൻ നാം ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധങ്ങളെ കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് സച്ചിന്റെ കുറിപ്പ്.

'എന്റെ അച്ഛൻ ഒരു പ്രൊഫസറായിരുന്നു. നിരവധി വിദ്യാർഥികൾക്ക് അദ്ദേഹം വഴികാട്ടിയുമായിരുന്നു. പരാജയപ്പെട്ടാലും കുഴപ്പമില്ല, പക്ഷേ തട്ടിപ്പ് നടത്തരുതെന്നാണ് ചെറുപ്പത്തിൽ അദ്ദേഹം എനിക്ക് പഠിപ്പിച്ച് തന്ന പാഠം. ഒരിക്കലും കുറുക്കുവഴികൾ നേടരുതെന്നും പഠിപ്പിച്ചു. സമൂഹത്തിലെ മുതിർന്ന വ്യക്തികൾ എന്ന നിലയിൽ മികച്ചൊരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അധ്വാനത്തേക്കാളുപരി ഫലത്തിന് മാത്രം മുൻഗണന നൽകുന്ന ഒപു സമൂഹം യോഗ്യതയ്ക്ക് പകരം കുറുക്കുവഴികളാകും തിരഞ്ഞെടുക്കുക.

കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിച്ചില്ലെങ്കിൽ വിദ്യാർഥികൾ നിരാശരാകുന്നത് സ്വാഭാവികമാണ്. എന്നാൽ അവർക്ക് ഇനിയൊരിക്കലും അത്തരമൊരു അവസ്ഥയുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. സ്വപ്‌നങ്ങളും ഊർജ്ജവും നിറഞ്ഞതാണ് യുവ ഇന്ത്യ. നമ്മുടെ വിജയത്തിന്റെ ഇന്ധനമാണവർ. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സ്‌കൂളുകൾ, ഭരണാധികാരികൾ എന്നിവരടങ്ങുന്ന ഈ സമൂഹത്തിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഊർജ്ജസ്വലരായി നിലനിർത്താനും ഉത്തരവാദിത്തമുണ്ട്. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന, സത്യസന്ധത പ്രോത്സാഹിപ്പിക്കപ്പെടുന്ന, മെറിറ്റ് വിജയിക്കുന്ന ഒരു അന്തരീക്ഷം നാം സൃഷ്ടിക്കണം. നമ്മുടെ കുട്ടികളുടെ ഭാവിയെ സംരക്ഷിക്കുന്നതിനുള്ള പരിഹാര മാർഗങ്ങൾ നാം കണ്ടെത്തുമെന്ന് എനിക്കുറപ്പുണ്ട്.'-സച്ചിൻ വ്യക്തമാക്കി.

Content Highlights: Sachin Tendulkar addresses student disappointment regarding NEET-UG 2026 irregularities., Emphasis on fostering a culture that prioritizes effort and honesty over shortcuts., Government commitment to fast-track courts for exam paper leak accused., Abhinav Bindra supports structural reforms to strengthen the Indian education system.