ലോണാവാലയിൽ 3.86 ഏക്കർ ഭൂമി സ്വന്തമാക്കി സച്ചിൻ തെണ്ടുൽക്കർ; വില 70 കോടി

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

മുംബൈ: മുംബൈയ്ക്ക് സമീപമുള്ള പ്രശസ്ത ഹിൽ സ്റ്റേഷനായ ലോണാവാലയിൽ 3.86 ഏക്കർ ഭൂമി സ്വന്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ. വസ്തു രജിസ്‌ട്രേഷൻ വിവരങ്ങൾ അടിസ്ഥാനമാക്കി സാപ്കി ലഭ്യമാക്കിയ രേഖകൾ പ്രകാരം ഏകദേശം 70 കോടി രൂപയ്ക്കാണ് ഈ ഭൂമി ഇടപാട് നടന്നിരിക്കുന്നത്. പ്രോപ്പർട്ടി രജിസ്ട്രേഷൻ ഡാറ്റ പ്ലാറ്റ്ഫോമാണ് സാപ്കി. 2026 സെപ്റ്റംബർ നാലിന് മൂന്ന് വ്യത്യസ്ത കൈമാറ്റ ആധാരങ്ങൾ വഴിയാണ് ഈ ഇടപാട് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂമിക്ക് പുറമെ 2,100 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും ഉൾപ്പെടുന്നു.

3.09 ഏക്കർ വരുന്ന വലിയ ഭാഗത്തിനായി 63.69 കോടി രൂപയാണ് സച്ചിൻ നൽകിയത്. ഈ ഭൂമിയുടെ 100 ശതമാനം ഉടമസ്ഥാവകാശവും അദ്ദേഹത്തിനാണ്. രണ്ടാമത്തെ വസ്തു 4.56 കോടി രൂപയ്ക്കും മൂന്നാമത്തേത് 1.75 കോടി രൂപയ്ക്കുമാണ് വാങ്ങിയത്. ഈ രണ്ട് വസ്തുക്കളിലും 50 ശതമാനം ഓഹരിയാണ് സച്ചിനുള്ളത്.

നന്ദൻ ധനഞ്ജയ് മേത്ത, വിവസ്വത് ധനഞ്ജയ് മേത്ത എന്നിവരിൽ നിന്നാണ് മൂന്ന് വസ്തുക്കളും വാങ്ങിയിട്ടുള്ളത്. ഈ ഇടപാടിനായി 4.20 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 90,000 രൂപ രജിസ്‌ട്രേഷൻ ഫീസായും അടച്ചിട്ടുണ്ട്.

ലോണാവാലയിലെ മാവൾ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമി ആകെ 15,601.78 ചതുരശ്ര മീറ്റർ (ഏകദേശം 1.68 ലക്ഷം ചതുരശ്ര അടി) വിസ്തൃതിയുള്ളതാണ്. മൂന്ന് ആധാരങ്ങളിലുമായി ചതുരശ്ര അടിക്ക് ശരാശരി 4,168 രൂപ നിരക്കിലാണ് ഈ ഇടപാട് നടന്നിരിക്കുന്നത്.

മുംബൈയിൽ നിന്ന് 100 കിലോമീറ്ററും പുണെയിൽ നിന്ന് 60 കിലോമീറ്ററും അകലെയുള്ള ലോണാവാല, പ്രമുഖരുടെയും വൻകിട നിക്ഷേപകരുടെയും ഇഷ്ട ഇടമാണ്. മുമ്പ് 2025 മേയിൽ സച്ചിന്റെ ഭാര്യ അഞ്ജലി തെണ്ടുൽക്കർ വിരാറിലെ പെനിൻസുല ഹൈറ്റ്സിൽ 391 ചതുരശ്ര അടിയുള്ള അപ്പാർട്ട്‌മെന്റ് 32 ലക്ഷം രൂപയ്ക്ക് സ്വന്തം സ്റ്റാഫ് അംഗത്തിനായി വാങ്ങിയിരുന്നു. എന്നാൽ അതിനേക്കാൾ വളരെ വലിയ റിയൽ എസ്റ്റേറ്റ് നിക്ഷേപമാണ് ലോണാവാലയിൽ ഇപ്പോൾ നടന്നിരിക്കുന്നത്.

Content Highlights: Sachin Tendulkar bought 3.86 acres of land in Lonavala for approximately Rs 70 crore., The transaction was registered on September 4, 2026, across three separate sale deeds., The purchase includes a 2,100 sq ft building along with the land in Maval taluka., Stamp duty of Rs 4.20 crore and registration fees of Rs 90,000 were paid for the deal.