ജയിലിലെ മത്സരത്തില്‍ അഞ്ചു ഗോളടിച്ച് റൊണാള്‍ഡീന്യോ; സമ്മാനം 16 കിലോ പന്നിയിറച്ചി

അസന്‍സിയോണ്‍: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വായിയില്‍ ജയിലില്‍ കഴിയുന്ന ബ്രസീല്‍ താരം റൊണാള്‍ഡീന്യോയ്ക്ക് കാല്‍പന്ത് വിട്ടൊരു കളിയില്ല. ജയില്‍ തടവുകാര്‍ക്കായി സംഘടിപ്പിച്ച ഫുട്‌സാല്‍ മത്സരത്തില്‍ റൊണാള്‍ഡീന്യോയും ഗ്രൗണ്ടിലിറങ്ങി.
റൊണാള്‍ഡീന്യോയുടെ ടീം 11 ഗോളുകള്‍ നേടിയപ്പോള്‍ അഞ്ചു ഗോളുകള്‍ ബ്രസീല്‍ താരത്തിന് അവകാശപ്പെട്ടതായിരുന്നു. ശേഷിക്കുന്ന ആറു ഗോളുകള്‍ക്ക് റൊണാള്‍ഡീന്യോ വഴിയൊരുക്കുകയും ചെയ്തു. മത്സരത്തില്‍ റൊണാള്‍ഡീന്യോയുടെ ടീം രണ്ടിനെതിരേ 11 ഗോളിന് വിജയിച്ചു. സമ്മാനമായി കിട്ടിയത് 16 കിലോ പന്നിയിറച്ചിയും!
പരാഗ്വായ് ദിനപ്പത്രമായ 'ഹോയ്' ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ജയില്‍ അധികൃതരുമായി ഗ്രൗണ്ടിന് സമീപം സംസാരിച്ചുനില്‍ക്കുകയായിരുന്നു റൊണാള്‍ഡീന്യോ. താരത്തെ കണ്ടതോടെ തടവുകാര്‍ മത്സരം നിര്‍ത്തി റൊണാള്‍ഡീന്യോയെ ഗ്രൗണ്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതോടെ ഫുട്‌സാല്‍ രൂപത്തില്‍ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിന് റൊണാള്‍ഡീന്യോയും ഇറങ്ങി. ഇരുടീമിലും അഞ്ചു പേര്‍ വീതമാണ് കളിച്ചത്.
Content Highlights: Ronaldinho play his first prison Futsal match
Content Highlights: