വീണ്ടും പരിക്ക്; റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍നിന്ന് പിന്മാറി

പാരീസ്: സ്‌പെയിനിന്റെ ടെന്നീസ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍നിന്ന് പിന്മാറി. ഇടുപ്പിലെ പേശിക്കേറ്റ പരിക്കാണ് കാരണം. വെള്ളിയാഴ്ച നടന്ന ബ്രിസ്ബന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെയാണ് നദാലിന് പരിക്കേറ്റത്. പരിക്കേറ്റതിനാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കില്ലെന്ന് നദാല്‍ സാമൂഹിക മാധ്യമം വഴി വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ പരിക്കേറ്റ നദാല്‍ ഒരു വര്‍ഷത്തിനടത്ത് കളത്തിന് പുറത്തിരുന്ന ശേഷമാണ് ബ്രിസ്ബന്‍ ടൂര്‍ണമെന്റിനെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലിനിടെ ഓസ്‌ട്രേലിയയുടെ ജോര്‍ദാന്‍ തോംപ്‌സണുമായി മത്സരിക്കുന്നതിനിടെയാണ് വീണ്ടും പരിക്കേറ്റത്. മത്സരത്തില്‍ തോംപ്‌സണ്‍ ജയിച്ചു.
മുന്‍ ഒന്നാം നമ്പര്‍ താരവും 22 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരവുമായ നദാല്‍ 2009, 2022 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയിട്ടുണ്ട്. ജനുവരി 14 മുതല്‍ 28 വരെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.
Content Highlights: rafael nadal withdraws from australian open due injury