യൂറോപ്യൻ പര്യടനത്തിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ മത്സരിച്ചത് സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത്

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/Pvsindhu1/
Photo: x.com/Pvsindhu1/

ന്യൂഡൽഹി: ജർമനിയിൽ നടന്ന ഹൈലോ ഓപ്പണിൽ പി.വി. സിന്ധുവും ലക്ഷ്യ സെന്നും സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കി ഇന്ത്യയുടെ യൂറോപ്യൻ ബാഡ്മിന്റൺ പര്യടനം വിജയകരമായി പൂർത്തിയാക്കിയിരുന്നു. പക്ഷേ ടൂർണമെന്റിലുടനീളം താരങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതായാണ് വെളിപ്പെടുത്തൽ. ഫിൻലൻഡ്, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലായി നടന്ന നാല് ടൂർണമെന്റുകൾ അടങ്ങുന്ന യൂറോപ്യൻ പര്യടനത്തിന് സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഫണ്ട് അനുവദിച്ചില്ല.

ഒക്ടോബർ ആറിന് ഫിൻലൻഡിലെ വാന്റായിൽ ആർട്ടിക് ഓപ്പൺ ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഫണ്ട് അനുവദിക്കില്ലെന്ന തീരുമാനം താരങ്ങളെ അറിയിച്ചത്. ഇതോടെ വിമാനയാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകൾ സ്വന്തമായി വഹിക്കാൻ താരങ്ങൾ നിർബന്ധിതരായി. ആദ്യ ടൂർണമെന്റിൽ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ താമസം ക്രമീകരിച്ചെങ്കിലും, ബാക്കി മത്സരങ്ങൾക്ക് താരങ്ങൾ തന്നെ പണം കണ്ടെത്തേണ്ടി വന്നു.

ഫണ്ടിങ് പ്രതിസന്ധി മൈതാനത്തെ പ്രകടനങ്ങളെയും ബാധിച്ചു. സ്വന്തം ചെലവിൽ പരിശീലകരെ ഒപ്പം കൂട്ടാൻ പല താരങ്ങൾക്കും സാധിച്ചില്ല. ഫ്രഞ്ച് ഓപ്പണിൽ ലോക മൂന്നാം നമ്പർ താരം ആകാനെ യമാഗുച്ചിയെ തോൽപ്പിച്ച അഷ്മിത ചാലിഹയെ പിന്തുണച്ച് കോച്ചിന്റെ റോളിൽ ഉണ്ടായിരുന്നത് സഹതാരം ഇഷാറാണി ബറുവ ആയിരുന്നു. ഡെൻമാർക്ക് ഓപ്പണിൽ തൻവി ശർമയ്ക്ക് കോച്ച് ഇല്ലാതെ മത്സരിക്കേണ്ടി വന്നു.

ഫണ്ട് ലഭിക്കില്ലെന്ന വിവരമറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടെന്നും ഇത്തരം ഒരു സാഹചര്യം മുമ്പ് നേരിട്ടിട്ടില്ലെന്നും ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു പറഞ്ഞു. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കുക എന്നതിനായിരുന്നു തന്റെ മുൻഗണനയെന്നും, ചെലവുകൾ സ്വയം വഹിച്ചതിനൊപ്പം ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് സഹായിച്ചെന്നും സിന്ധു വ്യക്തമാക്കി.

ഏഷ്യൻ ഗെയിംസിലെ പ്രകടനവുമായാണ് ഫണ്ട് തടഞ്ഞുവെച്ചതിന് ബന്ധമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും സായി ഉദ്യോഗസ്ഥൻ ഇത് നിഷേധിച്ചു. ടൂർണമെന്റിന് 30 ദിവസം മുമ്പ് സമർപ്പിക്കേണ്ട പ്രൊപ്പോസൽ സമയം വൈകി നൽകിയതാണ് ഫണ്ട് തടയാൻ കാരണമെന്ന് സായി വ്യക്തമാക്കി. വരാനിരിക്കുന്ന ടൂർണമെന്റുകൾക്കുള്ള ഫണ്ട് പുനഃസ്ഥാപിച്ചെങ്കിലും യൂറോപ്യൻ പര്യടനത്തിൽ താരങ്ങൾ ചെലവഴിച്ച തുക റീഇംബേഴ്‌സ് ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു.

Content Highlights: Indian badminton players faced severe financial crisis during the European tour spanning Finland, Denmark, France, and Germany., SAI did not allocate funds due to delayed proposal submission, forcing players to bear travel, food, and accommodation expenses., Top players like Lakshya Sen and PV Sindhu won titles, but athletes like Ashmita Chaliha and Tanvi Sharma had to compete without personal coaches., SAI clarified that funds for upcoming tournaments are restored, but expenses incurred during the European tour will not be reimbursed.