ഷൂസില്ല, ട്രാക്ക് സ്യൂട്ടില്ല; സ്‌കർട്ട് ധരിച്ചോടി ജയിച്ചു

PT Usha | Photo: G. Sivaprasad, Mathrubhumi
PT Usha | Photo: G. Sivaprasad, Mathrubhumi

തൃക്കോട്ടൂർ യു.പി. സ്‌കൂൾ മൈതാനിയിലും പയ്യോളി ഗവ. ഹൈസ്‌കൂൾ മൈതാനിയിലും ഓടിക്കളിച്ച എന്നെ കായികജീവിതത്തിന്റെ ഉന്നതങ്ങളിലെത്തിച്ചത് സ്‌കൂൾമേളകളാണ്. അക്കാലത്ത് സ്‌കൂൾ ചാമ്പ്യനായാൽ പിന്നെ ഉപജില്ലയിലേക്കു കൊണ്ടുപോകില്ല. പ്രത്യേകിച്ച് പെൺകുട്ടികളെ. എന്റെ വഴികാട്ടിയും തൃക്കോട്ടൂർ സ്‌കൂൾ കായികാധ്യാപകനുമായ ബാലകൃഷ്ണൻ മാഷിന്റെ നിർബന്ധമാണ് ഉപജില്ലയിലേക്ക് എന്നെ എത്തിച്ചത്. ആദ്യമായി പങ്കെടുത്ത സംസ്ഥാന കായികമേളയിൽ തോൽവിയായിരുന്നു ഫലം. ആ തോൽവിയാണ് പിന്നീടുള്ള എന്റെ എല്ലാ വിജയങ്ങൾക്കും കാരണമായതെന്ന് ഞാൻ കരുതുന്നു. 1977-ൽ കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലായിരുന്നു പഠനം. അവിടെ എപ്പോഴും സെയ്ന്റ് തെരേസാസ് സ്‌കൂൾ വിദ്യാർഥികളാണ് ജില്ലാ മീറ്റിൽ വിജയിക്കാറ്. എന്നാൽ അത്തവണ അവരെ തോൽപ്പിച്ച് ജില്ലയിൽ ഞാൻ വിജയിയായി. ട്രാക്ക് സ്യൂട്ട് ഇല്ലാതെ സ്‌കർട്ട് ധരിച്ചാണ് മത്സരിച്ചത്.

പാലായിലായിരുന്നു സംസ്ഥാന മീറ്റ്. അവിടെ ഓടുമ്പോഴും ഷൂസോ ട്രാക്ക് സ്യൂട്ടോ ഉണ്ടായിരുന്നില്ല. മറ്റ് താരങ്ങൾക്ക് അതെല്ലാം ഉണ്ടായിരുന്നു. അവർ സ്റ്റാർട്ടിങ് പോയിന്റ് കുതിക്കിനായി മുഖംതാഴ്ത്തി കുനിഞ്ഞു നിന്നപ്പോൾ ഞാൻ ഓടാനായി നിൽക്കുകയാണു ചെയ്തത്. അങ്ങനെയായിരുന്നു എനിക്കുവശം. 100, 200 മീറ്ററിൽ ഹീറ്റ്‌സിൽത്തന്നെ അവിടെ ഞാൻ ഔട്ടായി. എറണാകുളം സ്വദേശി ശ്രീലത വിജയപീഠത്തിൽ കയറിയപ്പോൾ മൈതാനിയുടെ ഒരുഭാഗത്ത് ദൂരെനിന്ന് ഞാൻ കണ്ണീരണിഞ്ഞ് നോക്കി നിന്നു. ആ നിമിഷം മനസ്സിൽ കുറിച്ചുവെച്ചു.

അടുത്തമീറ്റിൽ ഈ രണ്ടു മെഡലുകളും നേടും. അടുത്തദിവസം മുതൽ പരിശ്രമം ആരംഭിച്ചു. പരിശീലകൻ പറയുന്നതെല്ലാംചെയ്തു. അതുവരെ എനർജി പോകുമെന്നു കരുതി ഓടാൻ പോകുന്നതിനു മുൻപ് എക്‌സർസൈസ് എടുക്കാറില്ലായിരുന്നു. ജയിക്കാൻ അങ്ങനെയാണ് വേണ്ടതെന്നായിരുന്നു തെറ്റിദ്ധാരണ.

1978-ലെ ദേശീയ സ്‌കൂൾമീറ്റിൽ റെക്കോഡ് നേടിയ പി.ടി. ഉഷയെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത (ഫയൽചിത്രം)

ഒമ്പതിൽ പഠിക്കുമ്പോൾ 1978-ൽ കോട്ടയത്ത് മേളയെത്തി. സ്‌പോർട്സ് സ്‌കൂളിൽ പഠിക്കുന്നവർ മത്സരിക്കുന്നതിൽ എതിർപ്പുണ്ടായി. അതെല്ലാം മറികടന്ന് ഓടിയെത്തി രണ്ട് ഇനങ്ങളിലും മെഡൽ നേടി. പാലായിൽവെച്ച് മനസ്സിൽ എഴുതിവെച്ചത് സാക്ഷാത്കരിച്ചപ്പോൾ തുള്ളിച്ചാടി. എന്റെ കണ്ണീരും വിയർപ്പും ആനന്ദക്കണ്ണീരും ഒരുപാടു വീണ മൈതാനങ്ങളാണ് ഇവിടെയുള്ളത്.

1979-ൽ തിരുവനന്തപുരത്ത് നാഷണൽമീറ്റ് നടന്നു. എന്റെ 100 മീറ്ററിൽ സ്റ്റാർട്ടിങ്ങിന് ഫൗൾ വിളിച്ചു. പഞ്ചാബിൽനിന്നുള്ള താരത്തെ വിജയിയാക്കി. എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. ഒരു ഫൗളുമില്ലാതെ കരുതിക്കൂട്ടിയായിരുന്നു അത്. കോച്ച് നമ്പ്യാർസാറിന്റെ നേതൃത്വത്തിൽ നടപടിയെ ചോദ്യംചെയ്തു. പോലീസും ഇടപെട്ടു. കാണികൾ ട്രാക്കിന് തീയിടുമെന്നായി. പ്രശ്നമായപ്പോൾ വീണ്ടും മത്സരം നടത്തി. ഞാൻ ഒന്നാംസ്ഥാനത്തെത്തി. ആ കാലത്താണ് എന്നെ സുവർണ താരമെന്നു വിളിക്കാൻ തുടങ്ങിയത്. അങ്ങനെ ആദ്യമായി പതിനാറാം വയസ്സിൽ മോസ്‌കോ ഒളിമ്പിക്‌സിൽ പങ്കെടുത്തു.

Content Highlights: PT Usha started her athletic journey without proper shoes or a track suit, running in her school skirt., Overcame early defeats in state meets like Pala to win medals in the 1978 Kottayam state meet., Fought against unfair disqualifications at the 1979 Thiruvananthapuram national meet with coach Nambiar., Represented India at the Moscow Olympics at the age of 16, earning the title of 'Golden Girl'.