വ്യാജ പാസ്‌പോര്‍ട്ട് കേസ്; റൊണാള്‍ഡീന്യോയ്ക്ക് ആശ്വാസം, നാട്ടിലേക്ക് മടങ്ങാം

അസൻസിയോൺ: വ്യാജ പാസ്പോർട്ടുമായി യാത്ര ചെയ്തതിന് പാരഗ്വായിൽ നിയമനടപടി നേരിടുന്ന മുൻ ബ്രസീൽ താരം റൊണാൾഡീന്യോയ്ക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി.
നിയമനടപടികളുടെ ഭാഗമായി താരത്തിന് ഏർപ്പെടുത്തിയ വീട്ടുതടങ്കൽ അസൻസിയോൺ ജഡ്ജ് തിങ്കളാഴ്ച അവസാനിപ്പിച്ചു. ഇതോടെ അഞ്ചുമാസം നീണ്ടുനിന്ന അറസ്റ്റ് അടക്കമുള്ള നടപടികളിൽ നിന്ന് താരത്തിന് മോചനമായി.
90,000 ഡോളർ നൽകി നിയമനടപടികൾ അവസാനിപ്പിക്കാമെന്ന വ്യവസ്ഥ അസൻസിയോൺ ജഡ്ജ് സമ്മതിക്കുകയായിരുന്നു. ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകും.
വ്യാജ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ പാരഗ്വായിൽവെച്ച് മാർച്ച് ആറിനാണ് റൊണാൾഡീന്യോയും സഹോദരനും ബിസിനസ് മാനേജറുമായ റോബോർട്ടോ അസ്സിസും അറസ്റ്റിലാകുന്നത്. തുടർന്ന് 32 ദിവസത്തോളം ഇരുവർക്കും ജയിലിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ 1.6 ദശലക്ഷം യു.എസ് ഡോളർ കെട്ടിവെച്ച് ഇരുവരും ജയിൽ മോചിതരായിരുന്നു.
എന്നാൽ നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ താരത്തെ അസൻസിയോണിലെ ഒരു ഹോട്ടലിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
കാസിനോ ഉടമ നെൽസൺ ബലോട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രസീൽ താരം പരാഗ്വായയിലെത്തിയത്. പൊതുപരിപാടികളിലും പങ്കെടുക്കാനുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ താരത്തിന്റെ കൈയിൽനിന്ന് വ്യാജ പാസ്പോർട്ട് പിടികൂടുകയായിരുന്നു. ഇതോടെ താരത്തെ അറസ്റ്റ് ചെയ്തു. യാത്രരേഖകളും പിടിച്ചെടുത്തു.
നിലവിൽ റൊണാൾഡീന്യോക്ക് ബ്രസീൽ പാസ്പോർട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിൽ 39-കാരന്റെ പാസ്പോർട്ട് ബ്രസീൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2015-ൽ ഗുവയ്ബ തടാകത്തിൽ അനധികൃത നിർമാണം നടത്തിയതിന് താരത്തിന് കോടതി പിഴശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിഴയൊടുക്കാൻ താരം വീഴ്ച്ച വരുത്തിയതോടെ പാസ്പോർട്ട് കണ്ടുകെട്ടുകയായിരുന്നു.
Content Highlights: Paraguayan judge ended the house arrest of Ronaldinho Gaucho
Content Highlights: