മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം സാത്വിക് സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന്

സാത്വിക് സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം | Photo: PTI
സാത്വിക് സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം | Photo: PTI

ന്യൂഡല്‍ഹി: 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണിലെ മഹത്തായ സംഭാവനകള്‍ക്ക് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ബുധനാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

26-കാരനായ മുംബൈ സ്വദേശി ചിരാഗ് ഷെട്ടിക്കും 23-കാരനായ ആന്ധ്രാപ്രദേശ് സ്വദേശി സാത്വിക് സായിരാജിനും ഇനി രാജ്യത്തിന്റെ പരമോന്നത കായിക പുരസ്‌കാരത്തിന്റെ തിളക്കവും കൂടെ. ജനുവരി ഒമ്പതിന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു പുരസ്‌കാരം സമ്മാനിക്കും. സമീപകാലത്ത് ഇന്ത്യന്‍ ബാഡ്മിന്റണില്‍ സ്വപ്നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോഡിയാണ് സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി സഖ്യം. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും.

പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ വെള്ളിയും സ്വന്തമാക്കി. പിന്നാലെ 2022-ല്‍ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം. മിക്സഡ് ടീം ഇനത്തില്‍ വെള്ളി. തുടര്‍ന്ന് അതേവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടം. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ഇനത്തില്‍ സ്വര്‍ണവും  പുരുഷ ടീം ഇനത്തില്‍ വെള്ളിയും നേടി.

ഈ വര്‍ഷവും സ്വപ്നതുല്യമായ യാത്രയിലായിരുന്നു സഖ്യം. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം, ഇന്‍ഡൊനീഷ്യ സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാര്‍, ഒപ്പം ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി. ഇതോടെ, ഡബിള്‍സ് ലോകറാങ്കിങ്ങില്‍ ഒന്നാംസ്ഥാനക്കാരായി.

Content Highlights: National Sports Awards 2023 Dhyan Chand Khel Ratna for Satwik Sai Raj-Chirag Shetty