ലോങ് ജമ്പ് താരം ശ്രീശങ്കറിന് അര്‍ജുന പുരസ്‌കാരം; ഇ. ഭാസ്‌കരന് ദ്രോണാചാര്യ

ന്യൂഡല്‍ഹി: 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് അര്‍ജുന പുരസ്‌കാരം. ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയും ഉള്‍പ്പെടെ 26 പേര്‍ക്കാണ് അര്‍ജുന പുരസ്‌കാരം.
ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ബുധനാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സമീപകാലത്ത് ലോങ്ജമ്പ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ മേല്‍വിലാസമായ പാലക്കാട് യാക്കര സ്വദേശി എം. ശ്രീശങ്കര്‍ ഈ വര്‍ഷം ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ (8.19 മീറ്റര്‍) വെള്ളി നേടി. 8.41 മീറ്റര്‍ ചാടി പുതിയ ദേശീയറെക്കോഡ് കുറിച്ചതും ഈ വര്‍ഷമാണ് (പിന്നീട് ജസ്വിന്‍ ആല്‍ഡ്രിന്‍ ഈ റെക്കോഡ് തിരുത്തി). 2022-ലെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡല്‍ നേടി. ബാങ്കോക്കില്‍നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും വെള്ളി.
മുന്‍ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനായ ശ്രീശങ്കര്‍ ഒളിമ്പിക്സ് ലക്ഷ്യമിട്ട് കേന്ദ്രം നടത്തുന്ന ടാര്‍ഗറ്റ് ഒളിമ്പിക് സ്‌കീം (ടോപ്സ്) അംഗമാണ്. വനിതാ സ്റ്റീപ്പിള്‍ ചേസ്, 5000 മീറ്റര്‍ ഓട്ടക്കാരി പരുള്‍ ചൗധരിയും അത്ലറ്റിക്സില്‍ അര്‍ജുനപുരസ്‌കാരം നേടി. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിക്കറ്റ് നേട്ടത്തില്‍ (24 വിക്കറ്റ്) ഒന്നാമനായ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയും അര്‍ജുനനേടി. ഷൂട്ടര്‍ ഐശ്വരി പ്രതാപ് സിങ്, ഗുസ്തി താരം അന്തിം പംഗല്‍, അമ്പെയ്ത്തുകാരായ ഓജസ് പ്രവീണ്‍, അതിഥി സ്വാമി തുടങ്ങിയവരും അര്‍ജുനപുരസ്‌കാരം നേടി.
അതേസമയം ലൈഫ്ടൈം വിഭാഗത്തില്‍ ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകന്‍ ഇ. ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്. നിലവില്‍ ബെംഗളൂരു സായിയില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചായി സേവനമനുഷ്ടിക്കുന്നു. 2009 മുതല്‍ ദേശീയ ടീമിനൊപ്പമുണ്ട്. 2023 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു.
2010-ല്‍ പുരുഷന്മാരുടെ ടീമിനും 2014-ല്‍ വനിതാ ടീമിനും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിക്കൊടുത്തു. പ്രോ കബഡി ലീഗില്‍ യു മുംബെയെ ഒരിക്കല്‍ ചാമ്പ്യന്മാരും രണ്ടുവട്ടം റണ്ണറപ്പുകളുമാക്കി.
അര്‍ജുന അവാര്‍ഡ് നേടിയവര്‍: ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), എം. ശ്രീശങ്കര്‍ (അത്ലറ്റിക്സ്), പാറുല്‍ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്‌സിങ്), ആര്‍. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിവ്യകൃതി സിങ് (അശ്വാഭ്യാസം), ദീക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ബഹദൂര്‍ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍ (കബഡി), റിതു നേഗി (കബഡി), നസ്രീന്‍ (ഖോ-ഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്, ഇഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല്‍ സിങ് (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്), സുനില്‍ കുമാര്‍ (ഗുസ്തി), അന്തിം പംഗല്‍ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിങ്).
ഡിസംബര്‍ 13 -ന് സര്‍ക്കാര്‍ സമിതിയാണ് കായികതാരങ്ങളെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തത്. റെഗുലര്‍ വിഭാഗത്തില്‍ അഞ്ച് പരിശീലകര്‍ക്കും ലൈഫ് ടൈം വിഭാഗത്തില്‍ മൂന്ന് പേര്‍ക്കും ദ്രോണാചാര്യ അവാര്‍ഡിന് മന്ത്രാലയം അനുമതി നല്‍കി. ലൈഫ് ടൈം വിഭാഗത്തിലെ ധ്യാന്‍ചന്ദ് പുരസ്‌കാരം മൂന്ന് പേര്‍ക്ക് നല്‍കും.
മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (റെഗുലര്‍ വിഭാഗം): ലളിത് കുമാര്‍ (ഗുസ്തി), ആര്‍.ബി രമേഷ് (ചെസ്), മഹാവീര്‍ പ്രസാദ് സൈനി (പാരാ അത്‌ലറ്റിക്‌സ്), ശിവേന്ദ്ര സിങ്, (ഹോക്കി), ഗണേഷ് പ്രഭാകര്‍ (മല്ലകാമ്പ്).
മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (ലൈഫ് ടൈം വിഭാഗം): ജസ്‌കിരത് സിങ് ഗ്രെവാള്‍ (ഗോള്‍ഫ്), ഇ. ഭാസ്‌കരന്‍ (കബഡി), ജയന്ത കുമാര്‍ പുഷിലാല്‍ (ടേബിള്‍ ടെന്നീസ്).
മേജര്‍ ധ്യാന്‍ചന്ദ് ലൈഫ് ടൈം അവാര്‍ഡ്: കവിത സെല്‍വരാജ് (കബഡി), മഞ്ജുഷ കന്‍വാര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ (ഹോക്കി).
പുരസ്‌കാര തുക
ഖേല്‍ രത്‌ന : 25 ലക്ഷം രൂപ അര്‍ജുന: 15 ലക്ഷം ദ്രോണാചാര്യ (ലൈഫ് ടൈം): 15 ലക്ഷം ദ്രോണാചാര്യ (റെഗുലര്‍): 10 ലക്ഷം
Content Highlights: National Sports Awards 2023 Arjuna Award for m Sreeshankar