വീണ്ടും ജലറാണിയായി ഹര്‍ഷിത; സാജന് പ്രകാശിനും സ്വര്‍ണം; ഫുട്ബോളില്‍ കേരളത്തിന് നിരാശ

ഹല്‍ദ്വാനി: ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം. 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ഹര്‍ഷിത ജയറാമും 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ സാജന് പ്രകാശുമാണ് കേരളത്തിനായി സ്വര്‍ണമണിഞ്ഞത്. 34.14 സെക്കന്‍ഡിലാണ് ഹര്‍ഷിത ഫിനിഷ് ചെയ്തത്. ഗെയിംസില്‍ ഹര്‍ഷിതയുടെ രണ്ടാമത്തെ സ്വര്‍ണമാണ്. ആദ്യദിനം നേടിയ രണ്ട് വെങ്കലം ഉള്‍പ്പെടെ സാജന്റെ മൂന്നാമത്തെ മെഡലാണിത്.
ഇതോടെ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെടെ ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആകെ മെഡല്‍നേട്ടം ഒന്‍പതായി. നീന്തലില്‍ കേരളത്തിന്റെ മൂന്നാമത്തെ സ്വര്‍ണമാണിത്. കഴിഞ്ഞദിവസം 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ഹര്‍ഷിത ജയറാം സ്വര്‍ണമണിഞ്ഞിരുന്നു. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നീ ഇനങ്ങളിലാണ് സാജന് വെങ്കലം നേടിയിരുന്നത്.
നേരത്തേ ചൈനീസ് ആയോധന കലയായ വുഷുവില്‍ കെ. മുഹമ്മദ് ജസീല്‍ പൊന്നണിഞ്ഞിരുന്നു. വുഷുവില്‍ ആദ്യമായാണ് കേരളം സ്വര്‍ണം നേടുന്നത്. ഇതോടെ ശനിയാഴ്ചമാത്രം കേരളത്തിന് മൂന്ന് സ്വര്‍ണം ലഭിച്ചു.
അതിനിടെ ഫുട്ബോളില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് അടിപതറി. ഡല്‍ഹിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. ജയിച്ചാല്‍ സെമി ഫൈനല്‍ ഉറപ്പായിരുന്ന കേരളത്തിന്, ലക്ഷ്യത്തിനായി ഇനിയും കാത്തിരിക്കണം. വോളിബോളില്‍ കേരളാ വനിതകള്‍ ഫൈനല്‍ പ്രവേശം നേടി. ചണ്ഡിഗഢിനെ 3-0ന് തകര്‍ത്തു. ഫൈവ്സ് ഓണ്‍ ഫൈവ് വനിതാ ബാസ്കറ്റ്ബോളില്‍ കര്‍ണാടകയെ തകര്‍ത്ത് കേരളം ഫൈനലിലെത്തി. 63-52നാണ് വിജയം.
Content Highlights: national games harshita jayaram and sajan prakash