മുഹമ്മദ് ഷമി ബിജെപിയിലേക്ക്?; ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച്ച. ബിജെപി മൈനോറിറ്റി മോർച്ച പ്രസിഡന്റ് കുൻവർ ബാസിത് അലിയും കൂടെയുണ്ടായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ആഴ്ച്ചകൾക്കുള്ളിലാണ് ഈ കൂടിക്കാഴ്ച്ച. ഇതോടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. അതേസമയം ചർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹൽ ബിജെപിയിൽ ചേർന്നിരുന്നു. ബിജെബി ഒബിസി മോർച്ച ദേശീയ എക്സിക്യൂട്ടിവിലേക്ക് പ്രത്യേക ക്ഷണിതാവായാണ് ചാഹലിനെ നിയോഗിച്ചിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കളുമായുള്ള ഷമിയുടെ കൂടിക്കാഴ്ചകൾ ഇതിനുമുമ്പും ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) തലവനുമായ ജയന്ത് ചൗധരിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേയുള്ള ഊഹാപോഹങ്ങൾക്ക് കാരണമായിരുന്നു. അംറോഹയിൽ കായിക സൗകര്യങ്ങൾക്കായി ഫണ്ട് അനുവദിച്ചതിന് ചൗധരിക്ക് നന്ദി പറയാനാണ് ഷമി പോയതെന്ന് ആർഎൽഡി വ്യക്തമാക്കിയിരുന്നു.
36-കാരനായ ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത് ന്യൂസിലൻഡിനെതിരെയുള്ള 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ്. 64 മത്സരങ്ങളിൽ നിന്നായി 229 വിക്കറ്റുകൾ നേടിയ അദ്ദേഹം നവംബർ ആറിനാണ് ടെസ്റ്റിൽ നിന്ന് വിരമിച്ചത്. ഓസ്ട്രേലിയക്കെതിരെയുള്ള 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ട്വന്റി 20യിലും ഏകദിനത്തിലും താൻ തുടരുമെന്ന് ഷമി വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനെയും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനേയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ലഖ്നൗ സൂപ്പർ ജെയന്റ്സിലായിരുന്ന ഷമി അടുത്ത സീസൺ മുതലാണ് രാജസ്ഥാനായി കളിക്കുക.
Content Highlights: Mohammed Shami met BJP national president Nitin Nabin in New Delhi., The meeting has sparked speculations about Shami's potential political debut., Shami recently retired from Test cricket in November 2025., The meeting follows Yuzvendra Chahal's recent entry into the BJP.