ദേശീയ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരള വനിതാ ടീമിന് ട്രെയിനില്‍ ദുരിതയാത്ര

തിരുവനന്തപുരം: 73-ാമത് ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരള വനിതാ ടീമിന് ട്രെയിനില്‍ ദുരിതയാത്ര. ലുധിയാനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ടീമിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ അധികൃതര്‍ക്കായില്ലെന്നാണ് ആരോപണം. അഞ്ച് അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ലുധിയാനയില്‍ നിന്ന് നാട്ടിലേക്ക് തിങ്കളാഴ്ച രാവിലെ 11.40-നുള്ള ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസിലാണ് അധികൃതര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. അതാകട്ടെ വെയ്റ്റിങ് ലിസ്റ്റായതിനാല്‍ പലര്‍ക്കും സീറ്റ് പോലും ഉണ്ടായിരുന്നില്ല.
ഒടുവില്‍ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിനടുത്തുള്ള ബോഗിയില്‍ ഇവര്‍ക്ക് യാത്രയ്ക്കുള്ള സൗകര്യം ലഭ്യമായി. എന്നാല്‍ പല സ്റ്റേഷനുകളില്‍ നിന്ന് ജനറല്‍ ടിക്കറ്റെടുത്തവരടക്കം കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതോടെ തങ്ങളുടെ യാത്ര ദുരിതപൂര്‍ണമായിരുന്നുവെന്ന് താരങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. രാത്രിയിലടക്കം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ ശുചിമുറി ഉപയോഗിക്കാന്‍ പോലുമാകാത്ത അവസ്ഥയിലായി താരങ്ങള്‍. മത്സരങ്ങളുടെ ക്ഷീണവുമായി മടങ്ങിയ തങ്ങള്‍ക്ക് രാത്രി ഉറങ്ങാന്‍ പോലും സാധിച്ചില്ലെന്നും താരങ്ങള്‍ പറഞ്ഞു.
മൂന്ന് മാസത്തിനകം മൂന്ന് ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ട് തവണ ജേതാക്കളാകുകയും ഒരു തവണ റണ്ണറപ്പാവുകയും ചെയ്ത ടീമിനാണ് ഈ ഗതികേട്. മറ്റു പല അസോസിയേഷനുകളും അവരുടെ ടീമുകള്‍ക്ക് സെക്കന്‍ഡ് അല്ലെങ്കില്‍ തേര്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റുകളാണ് യാത്രയ്ക്കായി ബുക്ക് ചെയ്ത് നല്‍കുന്നതെന്നും കാലങ്ങളായി തങ്ങള്‍ അനുഭവിക്കുന്നത് ഇത്തരത്തിലുള്ള ദുരിതമാണെന്നും താരങ്ങള്‍ പറഞ്ഞു.
Content Highlights: miserable journey by train for Kerala women basketball team