തലയില്‍ ചോരയൊലിച്ചിട്ടും വിട്ടുകൊടുക്കാത്ത പ്രതിരോധം; ഗോള്‍വലയം കാത്ത ഇന്ത്യന്‍ കടുവ

ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള ഗുസ്തി മത്സരങ്ങള്‍ കണ്ണൂരില്‍ നടന്നപ്പോള്‍ അതിഥികളായി ഒട്ടേറെ ഒളിമ്പ്യന്മാര് എത്തിയിരുന്നു. 1972-ലെ ഒളിമ്പിക്സില്‍ ഗുസ്തി മത്സരത്തില്‍ പങ്കെടുത്ത അദ്കാര്‍ മാരുതി കൂടെ നിന്ന മലയാളിയെ ചൂണ്ടിക്കാട്ടി കൂടിനില്‍ക്കുന്നവരോട് പറഞ്ഞു, 'കടുവയായിരുന്നു ഇയാള്‍. നിങ്ങള്‍ക്കറിയാഞ്ഞിട്ടാണ്'. കൂടെയുണ്ടായിരുന്ന മാനുവല്‍ ഫ്രെഡറിക് എന്ന കണ്ണൂരുകാരന് അത് കേട്ട് ചിരിച്ച് അദ്കാറിനെ കെട്ടിപ്പിടിച്ചു.
ശരിയാണ്. ഇന്ത്യന്‍ കടുവ എന്നത് വെള്ളിയാഴ്ച അന്തരിച്ച മാനുവല്‍ ഫ്രെഡറിക്കിന്റെ വിളിപ്പേര് തന്നെയായിരുന്നു. ഇസ്രായേലി കായികതാരങ്ങളുടെ രക്തം വീണ് ചരിത്രത്തിലിടം പിടിച്ച 1972-ലെ മ്യൂണിച്ച് ഒളിമ്പിക്സ് കേരളം ഓര്‍മിക്കുന്നത് മാനുവല്‍ ഫ്രെഡറിക്കിന്റെ മെഡല്‍ നേട്ടം കൊണ്ടാണ്. ഒളിമ്പിക്സ് മെഡല്‍ കഴുത്തിലണിയുന്ന ആദ്യ മലയാളി.
ഒളിമ്പിക്സിനിറങ്ങുമ്പോള്‍ കേവലം 25 വയസ്സായിരുന്നു മാനുവലിന്റെ പ്രായം. ഹോക്കിയില്‍ ഗോള്‍വലയം കാക്കുന്നത്് പ്രധാന ജോലിയാണ്. അന്ന് ഇന്നത്തെപ്പോലെ തലയ്ക്ക് സുരക്ഷയൊന്നുമില്ല. ഹെല്‍മറ്റ് വെക്കാതെയാണ് വെടിയുണ്ട പോലെയെത്തുന്ന പന്തുകള്‍ നേരിടേണ്ടത്.
ഹോക്കിയിലെ ഇന്ത്യയുടെ പ്രതാപം അസ്തമിച്ചുവെന്ന് തോന്നിയ കാലമായിരുന്നു അത്. 1968-ല്‍ മൂന്നാം സ്ഥാനമാണ് നേടിയത്. മെഡലില്ലാതെ മടങ്ങാനാവില്ലെന്ന സ്ഥിതിയിലാണ് മത്സരിക്കുന്നത്. ഹോളണ്ടുമായും പോളണ്ടുമായും സമനിലയിലായി. എന്നാല്‍ ബ്രിട്ടണെയും ഓസ്ട്രേലിയയെയും തകര്‍ത്തതോടെ മുന്നേറിയ ഇന്ത്യക്ക് പാകിസ്താന്റെ മുന്നില്‍ അടിപതറി. അന്നത്തെ ചാമ്പ്യന്മാരാണ് പാകിസ്താന്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ഹോളണ്ടുമായിട്ടായിരുന്നു. അവരെ 2-1-ന് തോല്‍പ്പിച്ചാണ് വെങ്കലമെഡല്‍ ഇന്ത്യ സ്വന്തമാക്കിയത്.
പാകിസ്താന് പ്രസിഡന്റായിരുന്ന സിയാ ഉള് ഹക്ക് ഒരിക്കല്‍ കളി കണ്ട് നേരിട്ടെത്തി തോളില്‍ത്തട്ടി അഭിനന്ദിച്ചത് മാനുവല്‍ എന്നും ഓര്‍ക്കുന്ന അനുഭവമാണ്. മറ്റൊന്ന് 1977-ലെ ലാഹോറില്‍ നടന്ന മത്സരം. പാകിസ്താന്റെ പ്രതിരോധതാരം ഹനീഫ്ഖാന്റെ എണ്ണം പറഞ്ഞ ഷോട്ടെത്തിയപ്പോള് ഒന്നും ചെയ്യാന്‍ സമയം കിട്ടിയില്ല. മാനുവല്‍ സ്വന്തം തല കൊണ്ടാണ് പന്ത് തടഞ്ഞത്. ചോരയൊലിപ്പിച്ചുനില്‍ക്കുന്ന മാനുവലായിരുന്നു കാണികളുടെ താരമായത്. കളിക്കളത്തില്‍ തോല്ക്കാന് മടി കാണിച്ചുകൊണ്ടുള്ള ഈ വീറും വാശിയുമാണ് മാനുവലിന് കടുവയെന്ന വിളിപ്പേര് നേടിക്കൊടുത്തത്.
മെഡല്‍ നേടുമ്പോള്‍ കൂടെക്കളിച്ചവരില് ഭൂരിഭാഗം പേര്‍ക്കും അര്‍ജുന പുരസ്കാരവും പദ്മ പുരസ്കാരങ്ങളുമൊക്കെ ലഭിച്ചപ്പോള്‍ മാനുവലിന് കിട്ടിയത് പലപ്പോഴും അവഗണനയായിരുന്നു.വീട് ലഭിക്കുമെന്ന വാഗ്ദാനത്തിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പും അദ്ദേഹത്തെ നിരാശയിലാഴ്ത്തി. പിന്നീട് മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് വീട് ലഭിച്ചത്. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം അവിടെ ഹോക്കി പരിശീലകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
Content Highlights: manuel fredericks hockey career olympics medalist