ശ്രീജേഷിനും മുൻ‌പേ ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞ മലയാളി, ചരിത്രം കുറിച്ച കണ്ണൂർക്കാരൻ

മാനുവൽ ഫ്രെഡറിക്കും പി.ആർ. ശ്രീജേഷും | X.com/@16Sreejesh
മാനുവൽ ഫ്രെഡറിക്കും പി.ആർ. ശ്രീജേഷും | X.com/@16Sreejesh

ചരിത്രത്തിലിന്നുവരെ രണ്ട് മലയാളികൾ മാത്രമേ ഒളിമ്പിക്സിൽ മെഡൽ നേടിയിട്ടുള്ളൂ. ഒരാൾ പി.ആർ. ശ്രീജേഷാണ്. രണ്ടാമത്തേയാളുടെ പേര് അധികമാരും കേട്ടുകാണില്ല. അയാളുടെ പേര് മാനുവല്‍ ഫ്രെഡറിക്‌ എന്നാണ്. ഒളിമ്പിക്സിന്റെ ഭാഗമായ ആദ്യ മലയാളി ഒരു കണ്ണൂർക്കാരനാണ് എന്നതുപോലെ ആദ്യ മെഡൽ നേടിയ മാനുവലും കണ്ണൂർക്കാരൻ തന്നെ. മാനുവലിന്റെ വിയോഗം അക്ഷരാർഥത്തിൽ ഇന്ത്യയുടെ കായികലോകത്തിന് തന്നെ വലിയ നഷ്ടമാണ്.

ശ്രീജേഷും മാനുവലും ഹോക്കി ടീമിന്റെ ഭാഗമായാണ് വെങ്കല മെഡല്‍ കഴുത്തിലണിഞ്ഞത്. 1972ലെയും 2020ലെയും ഒളിമ്പിക്‌സിലാമായിരുന്നു ആ മെഡല്‍ നേട്ടങ്ങള്‍. 1972-ലാണ് മാനുവൽ ചരിത്രമെഴുതിയത്. അങ്ങനെ ബര്‍ണ്ണശ്ശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്‌ ഒളിമ്പിക്‌സ് മെഡല്‍ ആദ്യമായി കഴുത്തലണിഞ്ഞ മലയാളിയായി. മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു മാനുവല്‍ ഫെഡറിക്‌. തൊട്ടടുത്ത വര്‍ഷം ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ വെള്ളിമെഡല്‍ നേടിയപ്പോഴും ഗോള്‍വലകാക്കാന്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു.

1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍ ജനിച്ചത്. അച്ഛന്‍ ജോസഫ് ബോവറും അമ്മ സാറയും കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്ന മാനുവല്‍ 12ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. 15-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ്. 1971-ല്‍ ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍കീപ്പറായി അരങ്ങേറി. തൊട്ടടുത്ത വര്‍ഷം (1972) നടന്ന മ്യൂണിക് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ ജേതാക്കളാക്കുന്നതില്‍ മാനുവലിന്റെ ഗോള്‍കീപ്പിങ് മികവ് നിര്‍ണായക പങ്കുവഹിച്ചു.

കണ്ണൂര്‍ പയ്യാമ്പലം സ്വദേശി ഡോ. സി.കെ. ലക്ഷ്മണന്‍ ആണ് ഒളിമ്പിക്‌സിന്റെ ഭാഗമായ ആദ്യ മലയാളി. 110 മീറ്റർ .ഹർഡിൽ‌സിലാണ് 1924 ലെ പാരിസ് ഒളിമ്പിക്‌സില്‍ സി.കെ.ലക്ഷ്മണന്‍ പങ്കെടുത്തത്. ഹീറ്റ്‌സില്‍ തന്നെ പുറത്തായെങ്കിലും ലക്ഷമണൻ ചരിത്രത്തിന്റെ ഭാഗമായി.

Content Highlights: Manuel Frederick, the first Malayali to win an Olympic medal