മക്കളുറങ്ങുമ്പോള്‍ വീട്ടില്‍ മോഷണം; ഇതിലും മോശമായ അവസ്ഥ വേറെയില്ലെന്ന് പോഗ്ബ

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയുടെ വസതിയില്‍ മോഷണം. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി പോഗ്ബ കളിക്കുന്ന സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. ആ സമയത്ത് താരത്തിന്റെ രണ്ട് മക്കള്‍ വീട്ടിലുണ്ടായിരുന്നു.
ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ താരം ലോകത്തെ അറിയിക്കുകയായിരുന്നു. 'അഞ്ച് മിനിറ്റില്‍ താഴെ സമയം മാത്രമാണ് മോഷ്ടാക്കള്‍ ഞങ്ങളുടെ വീട്ടിനുള്ളില്‍ നിന്നത്. പക്ഷേ എല്ലാത്തിനേക്കാളും വിലമതിക്കുന്ന ഒന്ന് ഞങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ അവര്‍ക്കായി. ഞങ്ങളുടെ സുരക്ഷിതത്വം. കഴിഞ്ഞ രാത്രിയിലെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് മോഷണം നടന്നത്. ആ സമയം ഞങ്ങള്‍ വീട്ടിലുണ്ടാകില്ല എന്ന് അവര്‍ക്ക് അറിയാം. സംഭവം അറിഞ്ഞതോടെ കുട്ടികളെ ആലോചിച്ച് ഞാനും ഭാര്യയും വേഗം വീട്ടിലേക്ക് പോയി. സ്വന്തം മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ പിതാവിന് സാധിക്കാതെ വരിക എന്നതിനേക്കാള്‍ മോശമായ അവസ്ഥ വേറെയില്ല. കഴിഞ്ഞ രാത്രി ഞാന്‍ അനുഭവിച്ചതുപോലെ മറ്റാര്‍ക്കുമുണ്ടാകരുത്.' പോഗ്ബ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. ആദ്യ പാദത്തില്‍ ഇരുടീമുകളും 1-1ന് സമനില ആയിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയവുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറിലെത്തി.
Content Highlights: Manchester United midfielder Paul Pogba reveals burglary nightmare