വിശ്വം ജയിച്ച് കാള്‍സന്‍; തുടര്‍ച്ചയായ അഞ്ചാം തവണയും ലോക ചെസ് ചാമ്പ്യന്‍

ദുബായ്: രണ്ടാം വയസ്സില്‍ സങ്കീര്‍ണമായ ജിഗ്സോ പസിലുകള്‍ സോള്‍വ് ചെയ്യുകയും നാലാം വയസ്സില്‍ 10 വയസ്സിനുമേലുള്ളവര്‍ക്കുള്ള ലെഗോ സെറ്റുകള്‍ ശരിയായി ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു മാഗ്നസ് കാള്‍സന്‍. അഞ്ചാം വയസ്സില്‍ എല്ലാ ലോകരാഷ്ട്രങ്ങളുടെയും പേരുകള്‍, തലസ്ഥാനങ്ങള്‍, കൊടികള്‍, ജനസംഖ്യ എന്നിവ ഹൃദിസ്ഥമാക്കി. പിതാവില്‍നിന്ന് ചെസ്സിന്റെ കരുനീക്കങ്ങള്‍ അഞ്ചാം വയസ്സില്‍തന്നെ പഠിച്ച മാഗ്നസ് ആദ്യകാലത്ത് കളിയില്‍ താത്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് തന്റെ മൂന്ന് സഹോദരിമാരെ തോല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെസ്സില്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങി.
മാഗ്‌നസ് കാള്‍സന്‍ - വയസ് 31, രാജ്യം - നോര്‍വെ, ഫിഡേ റേറ്റിങ് - 2856, ലോക റാങ്ക് - 1
മാഗ്നസിന് 10 വയസ്സായതോടെ നോര്‍വേയുടെ ഏറ്റവും മികച്ച ചെസ് താരം ഗ്രാന്‍ഡ് മാസ്റ്റര്‍ സിമണ്‍ അജെസ്റ്റീന്‍ ആ ബാലന്റെ പരിശീലകനായി മാറി. ഒരു അസാമാന്യപ്രതിഭയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പാണ് പിന്നീട് ചെസ് ലോകം കണ്ടത്. പതിമ്മൂന്നാം വയസ്സില്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററും പതിനഞ്ചാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്ററുമായി മാറിയ മാഗ്നസ് പത്തൊമ്പതാം വയസ്സില്‍ ലോക ഒന്നാം നമ്പര്‍ കളിക്കാരനാകുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി.
ലോക നെറുകയില്‍
2011 മുതല്‍ ഇന്ന് വരെ ലോക ചെസ് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുനിന്ന് കാള്‍സണെ നിഷ്‌കാസനം ചെയ്യാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ചെസ്സിന്റെ മൂന്ന് വകഭേദങ്ങളിലും - ക്ലാസിക്കല്‍, റാപ്പിഡ്, ബ്ലിറ്റ്സ് - നിലവിലെ ലോകചാമ്പ്യനും മൂന്ന് റേറ്റിങ് പട്ടികകളിലും ലോക ഒന്നാം നമ്പര്‍ താരവും അദ്ദേഹം തന്നെ. ദുബായിയിലേത് അദ്ദേഹത്തിന്റെ പന്ത്രണ്ടാം ലോകകിരീടമാണ്. ക്ലാസിക്കുകളില്‍ അഞ്ചും റാപ്പിഡില്‍ മൂന്നും ബ്ലിറ്റ്സില്‍ നാലും കിരീടങ്ങള്‍.
എന്തുകൊണ്ട് അജയ്യന്‍?
ആക്രമണത്തിലും പ്രതിരോധത്തിലും അടഞ്ഞ പൊസിഷനുകളിലും തുറന്ന പൊസിഷനുകളിലും സങ്കീര്‍ണതകളിലും പ്രശാന്തതകളിലും ഒരേ മികവ് പുലര്‍ത്തുന്ന സാര്‍വലൗകിക ചെസ് ശൈലിയുടെ ഉടമയാണ് കാള്‍സണ്‍. മറ്റ് മുന്‍നിര താരങ്ങളെപ്പോലെ ഓപ്പണിങ് ഘട്ടത്തിന് കാള്‍സണ്‍ അമിതപ്രാധാന്യം നല്‍കുന്നില്ലെങ്കിലും എല്ലാ ഓപ്പണിങ് സമ്പ്രദായങ്ങളിലും വിലയേറിയ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. കാള്‍സനെതിരേ സൈദ്ധാന്തിക തയ്യാറെടുപ്പ് നടത്തുന്നത് എതിരാളികള്‍ക്ക് ദുഷ്‌കരമാണ്.
ശുദ്ധമായ ചെസ് മിഡില്‍ ഗെയിം ആണ് എന്ന് കാള്‍സണ്‍ വിശ്വസിക്കുന്നു. എല്ലാത്തരം പൊസിഷനുകളെ മനസ്സിലാക്കാനും അവയ്ക്കനുസൃതമായ പദ്ധതികള്‍ വിഭാവനം ചെയ്യാനും അസാമാന്യപാടവമാണ് കാള്‍സനുള്ളത് എന്ന് കാസ്പറോവും ആനന്ദും നിരീക്ഷിച്ചിട്ടുണ്ട്. നേരിയ മികവ് കളിയില്‍ ലഭിച്ചാല്‍ പിടിമുറുക്കി അതിനെ ഊട്ടിവളര്‍ത്തി ജയത്തിലേക്കെത്തിക്കുന്ന കലയില്‍ കാപ്പബ്ലാങ്കയുടെയും കാര്‍പ്പോവിന്റെയും പിന്‍ഗാമിയാണ് അദ്ദേഹം. എട്ടാം ഗെയിമില്‍ നെപ്പോ അനുഭവിച്ചതുപോലെ ചില മിഡില്‍ ഗെയിമുകളും എന്‍ഡ് ഗെയിമുകളും കാള്‍സണെതിരെ കളിക്കുക എന്നത് സ്വയംപീഡനത്തിനു സമമാണ്. ബോര്‍ഡില്‍ അദ്ദേഹം നമ്മളെ മുറുക്കിവരിഞ്ഞു ഞെരിച്ചു കൊല്ലും.
അക്ഷോഭ്യന്‍
വൈകാരികവ്യതിയാനങ്ങള്‍ക്ക് വശംവദനാകാതെ ദൃഢചിത്തതയോടെ എല്ലാ കളികളെയും പൊസിഷനുകളെയും കാള്‍സണ്‍ കൈകാര്യം ചെയ്യുന്നു. മുഖഭാവങ്ങളില്‍നിന്നും ശരീരഭാഷയില്‍നിന്നും ശ്വാസോച്ഛ്വാസ വ്യതിയാനങ്ങളില്‍ നിന്നും പ്രതിയോഗികളുടെ മനസ്സ് വായിച്ചറിയുന്നതില്‍ വിദഗ്ധനായ വിശ്വനാഥന്‍ ആനന്ദ്, ഇക്കാര്യത്തില്‍ കാള്‍സണ്‍ ഒരു ബാലികേറാമലയാണെന്ന് സമ്മതിക്കുന്നു. ഏറ്റവും മികച്ച കളിക്കാര്‍പോലും ചില സന്ദര്‍ഭങ്ങളില്‍ മാനസികമായി തളരാറുണ്ട്. നീണ്ട ഗെയിമുകള്‍ കളിക്കുമ്പോള്‍ അവരുടെ ഏകാഗ്രതയ്ക്കും കളിയുടെ നിലവാരത്തിനും ഇടയ്‌ക്കെല്ലാം നൈമിഷികമായ പാളിച്ചകള്‍ സംഭവിക്കും. ഈ ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ഗെയിമുകളില്‍ നെപ്പോവിന്റെ പരാജയകാരണം ഇത്തരം പാളിച്ചകളാണ്. പക്ഷേ, നീണ്ട ഗെയിമുകളില്‍ പോലും തന്റെ ഉയര്‍ന്ന ഏകാഗ്രതയും ചിന്താതീഷ്ണതയും ഗെയിമിലുടനീളം നിലനിര്‍ത്താന്‍ കാള്‍സന് സാധിക്കുന്നു.
അജയ്യന്‍
ദുബായ്: എതിരാളിയ്ക്ക് യാതൊരവസരവും നല്‍കാതെയാണ് നോര്‍വേയുടെ മാഗ്‌നസ് കാള്‍സന്‍ ലോക ചെസ് കിരീടം നിലനിര്‍ത്തിയത്. തുടക്കത്തില്‍ അല്‍പ്പം പിടിച്ചുനിന്ന എതിരാളി യാന്‍ നെപ്പോമ്ന്യാച്ചിക്ക് അവസാന ഗെയിമുകളില്‍ അടിപതറി. ഒടുവില്‍ നടന്ന നാല് ഗെയിമുകളില്‍ മൂന്നും കാള്‍സന്‍ സ്വന്തമാക്കി. കാള്‍സന്റെ അഞ്ചാം ലോകകിരീടമാണിത്. കഴിഞ്ഞ ഗെയിമുകളില്‍ നിന്നും വ്യത്യസ്തമായി റൂയ് ലോപ്പസ് പ്രാരംഭമുറയോട് വിടപറഞ്ഞ് ജ്വോക്കോ പ്യാനിസിമോ എന്ന ഓപ്പണിങ് സമ്പ്രദായം അവലംബിച്ചാണ് നെപ്പോമ്ന്യാച്ചി പതിനൊന്നാം ഗെയിം ആരംഭിച്ചത്.
കളി സമനിലയിലേക്ക് നീങ്ങുന്ന അവസരത്തില്‍ നെപ്പോവിന്റെ 23-ാം നീക്കം ആത്മഹത്യക്ക് തുല്യമായിരുന്നു. കാള്‍സണ് അനുകൂലമായി കളി തിരിഞ്ഞു. 49-ാം നീക്കത്തില്‍ കാള്‍സണ്‍ വിജയം കൈവരിച്ചു.
Content Highlights: magnus carlsen retains 2021 fide world chess championship title
Content Highlights: