കൊച്ചി നേവി മാരത്തൺ ആറാം പതിപ്പ്; ഔദ്യോഗിക ടീ ഷർട്ട് പ്രകാശനം ചെയ്തു

കൊച്ചി : ദക്ഷിണമേഖല നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണിന്റെ (കെഎന്‍എം 25) ആറാം പതിപ്പിന്റെ ടീ ഷർട്ട് പ്രകാശനം ചെയ്തു. ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപൽ കുണ്ടു, നേവൽ എയർക്രാഫ്റ്റ് യാർഡ് കമ്മഡോർ സൂപ്പർഇൻഡന്റന്റ് സുധീർ റെഡ്ഢി, ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ളൈ, കമാൻഡ് സ്പോർട്സ് ഓഫീസർ ക്യാപ്റ്റൻ പ്രവീൺ, മാതൃഭൂമി വൈസ് പ്രസിഡന്റ് സുദീപ് കുമാർ ടി എന്നിവർ ചേർന്നാണ് മാരത്തണിന്റെ ഔദ്യോഗിക ടീ ഷർട്ടിന്റെ പ്രകാശന കർമം നിർവഹിച്ചത്.
നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 21ന് ആണ് ഇത്തവണ കൊച്ചി നേവി മാരത്തണ്‍ നടക്കുക. വില്ലിങ്ടണ്‍ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിന് (പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ. പ്രേമചന്ദ്രന്‍ സ്പോര്‍ട്സ് കോംപ്ലക്സിലാണ് മരത്തണ്‍ തുടങ്ങുക.
വേൾഡ് അത്‌ലറ്റിക്‌സ് മാരത്തൺ റൂട്ടിന് സർട്ടിഫിക്കറ്റ് നൽകിയതോടെ കേരളത്തിലെ ചുരുക്കം ചില അംഗീകൃത മാരത്തണുകളിൽ ഒന്നായി കൊച്ചി നേവി മാരത്തൺ മാറിയിരിക്കുകയാണ്.
പലപ്രായത്തിലുള്ള ഏഴായിരത്തിലധികം കായികപ്രേമികൾ നേവിക്കൊപ്പം കൊച്ചിയിലൂടെ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ആറായിരത്തോളം പേർ മാരത്തണിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ നേവി മാരത്തണിന് 5,000 പേരായിരുന്നു പങ്കെടുത്തത്. 21 കിലോമീറ്ററിന്റെ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റർ റൺ, അഞ്ച് കിലോമീറ്ററിന്റെ ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. ഇതാദ്യമായി 'ഫാമിലി റണ്ണും' നേവി മാരത്തണിലുണ്ട്. അഞ്ച് കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഭാഗമായിട്ടായിരിക്കും ഇത് നടത്തുക. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ഓടാം .
Content Highlights: kochy navy marathon