കോബി ബ്രയന്റിന്റെ അപകടമരണം;ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചവർ 248 കോടി നഷ്ടപരിഹാരം നൽകണം

1-കോബി ബ്രയന്റിന്റെയും ഭാര്യയും (ഫയല്‍ ചിത്രം), 2-നഷ്ടപരിഹാര വിധി കേട്ട് പുറത്തുവരുന്ന വനേസ ബ്രയന്റും (വലത്ത്) മകൾ നതാലിയയും |Photo:AP,AFP
1-കോബി ബ്രയന്റിന്റെയും ഭാര്യയും (ഫയല്‍ ചിത്രം), 2-നഷ്ടപരിഹാര വിധി കേട്ട് പുറത്തുവരുന്ന വനേസ ബ്രയന്റും (വലത്ത്) മകൾ നതാലിയയും |Photo:AP,AFP

ലോസ് ആഞ്ജലിസ്: അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ സൂപ്പര്‍ താരം കോബി ബ്രയന്റിന്റെയും മകള്‍ ജിയാനയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. കോബിയുടെ വിധവ വനേസയ്ക്കും മറ്റൊരു പരാതിക്കാരനും 248 കോടിയോളം രൂപ ലോസ് ആഞ്ജലിസ് കൗണ്ടി നല്‍കണമെന്നാണ് വിധി.

2020 ജനുവരിയില്‍ കാലിഫോര്‍ണിയയിലായിരുന്നു അപകടം. കോബിയും (41) മകള്‍ ജിയാനയും (13) ആറു കുടുംബസുഹൃത്തുക്കളുമാണ് കോപ്റ്റര്‍ തകര്‍ന്ന് മരിച്ചത്. കൗണ്ടി ഷെരീഫിന്റെ ജീവനക്കാരും അഗ്‌നിശമനസേനാംഗങ്ങളും അപകടത്തിന്റെ ദാരുണദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. അത് തങ്ങള്‍ക്ക് കടുത്ത മാനസികാഘാതം നല്‍കിയെന്നാണ് കുടുംബങ്ങള്‍ പരാതിപ്പെട്ടത്. വനേസ ബ്രയന്റും ക്രിസ് ചെസ്റ്ററുമായിരുന്നു പരാതിക്കാര്‍. ചെസ്റ്ററിന്റെ ഭാര്യ സാറയും മകള്‍ പെയ്ടണും അപകടത്തില്‍ മരിച്ചിരുന്നു. 127.5 കോടി രൂപ വനേസയ്ക്കും 120.5 കോടി രൂപ ചെസ്റ്ററിനും നഷ്ടപരിഹാരം ലഭിക്കും.

നേരിട്ട മാനസികബുദ്ധിമുട്ടുകള്‍ക്ക് 20 കോടി നഷ്ടപരിഹാരം നല്‍കാമെന്ന് ലോസ് ആഞ്ജലിസ് കൗണ്ടി കഴിഞ്ഞ നവംബറില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, വനേസ ബ്രയന്റ് ഒത്തുതീര്‍പ്പിന് തയ്യാറായില്ല.

കൗണ്ടി ജീവനക്കാര്‍ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചകാര്യം ലോസ് ആഞ്ജലിസ് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തവായിച്ച് താന്‍ തകര്‍ന്നുപോയെന്നും ഓടിയൊളിക്കാന്‍ തോന്നിയെന്നും അലറിക്കരഞ്ഞെന്നും വനേസ അടുത്തിടെ പറഞ്ഞിരുന്നു.

കുടുംബത്തിന്റെ മുറിവില്‍ ഉപ്പുപുരട്ടുകയാണ് കൗണ്ടി ജീവനക്കാര്‍ ചെയ്തതെന്ന് വനേസയുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

Content Highlights: Kobe Bryant crash site pics exchanged