സംസ്ഥാന കായികമേളയിലെ പ്രായത്തട്ടിപ്പ് തെളിഞ്ഞു; പ്രാഥമിക എല്ലുപരിശോധനയിൽ പരാജയം, മത്സരഫലം പുതുക്കി നിശ്ചയിച്ചു

Photo: mathrubhumi
Photo: mathrubhumi

കോഴിക്കോട്: സംസ്ഥാന കായികമേളയിലെ പ്രായത്തട്ടിപ്പ് ആരോപണം ശരിവെച്ച് പ്രാഥമിക പരിശോധനാ ഫലം പുറത്ത്. സബ് ജൂനിയർ വിഭാഗം 400 മീറ്ററിൽ സ്വർണം നേടിയ കോട്ടയം കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ എം.ഡി. മറൂഫാണ് എല്ലുപരിശോധനയിൽ പരാജയപ്പെട്ടത്. സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച മറൂഫിന്റെ പ്രായം 15-നും 18-നും ഇടയിലാണെന്നാണ് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ, മത്സരഫലം പുതുക്കിനിശ്ചയിച്ചു. പ്രാഥമികാന്വേഷണത്തിൽ പ്രായത്തട്ടിപ്പ് കണ്ടെത്തിയതോടെ തുടർന്നുള്ള മത്സരങ്ങളിൽ മറൂഫിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അപ്പീൽ കമ്മിറ്റി തീരുമാനിച്ചു.

വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് മറൂഫിനെ പ്രായം കണ്ടെത്താനുള്ള ശാസ്ത്രീയമാർഗമായ എല്ലു പരിശോധനയ്ക്ക് (ഓസിഫിക്കേഷൻ ) വിധേയനാക്കിയത്. സ്വകാര്യാശുപത്രിയിലായിരുന്നു പരിശോധന. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിനു ശേഷമായിരിക്കും തുടർ നടപടി. സർക്കാരാശുപത്രിയിൽ പരിശോധന നടത്തിയായിരിക്കും അന്തിമതീരുമാനം. വിദ്യാർഥിയോടും സ്‌കൂളധികൃതരോടും വിശദീകരണം തേടും. സ്‌കൂളിനും താരത്തിനും വിലക്കേർപ്പെടുത്തുന്ന തീരുമാനം ഇതിന്റെ അടിസ്ഥാനത്തിലാകും. ഇതോടെ, 400 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയ ഇടുക്കി കാൽവരിമൗണ്ട് എച്ച്.എസിലെ സോബിൻ കെ. സെബാസ്റ്റ്യൻ സ്വർണം നേടി.

ജൂനിയർ വിഭാഗം ലോങ് ജംപിൽ മീറ്റ് റെക്കോഡോടെ (7.31) സ്വർണം നേടിയ ഉത്തർപ്രദേശ് സ്വദേശിയും കോട്ടയം കോരുത്തോട് സി.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയുമായ വിഷ്ണു യാദവിനെതിരേയും പ്രായത്തട്ടിപ്പ് ആരോപണം. ഇതേത്തുടർന്ന് വിഷ്ണുവിനെയും എല്ലുപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

സംസ്ഥാന കായികമേളയുടെ ചരിത്രത്തിലാദ്യമായാണ് കായികതാരങ്ങൾക്ക് പ്രായം നിർണയിക്കാൻ ശാസ്ത്രീയ എല്ലുപരിശോധന നടത്തുന്നത്.

തട്ടിപ്പിൽ പങ്കില്ലെന്ന് സ്‌കൂൾ

സ്‌കൂളിൽ പ്രവേശനത്തിന് ഹാജരാക്കിയ ആധാറും ഉത്തർപ്രദേശ് അസോസിയേഷന്റെ വെബ് സൈറ്റിൽ കാണുന്ന വിവരങ്ങളും ഒന്നുതന്നെയാണ്. വ്യാജ ആധാർ നിർമിച്ചെന്നുള്ള വിവരം സ്‌കൂളധികൃതർക്കറിയില്ല. തട്ടിപ്പിൽ സ്‌കൂളിന് പങ്കില്ലെന്നും അപ്പീൽ നൽകുമെന്നും കോരുത്തോട് സി.കെ.എം. സ്‌കൂൾ അധികൃതർ പറഞ്ഞു.

നടപടിയിൽ സന്തോഷം

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതി നൽകിയ കോതമംഗലം മാർ ബേസിൽ സ്‌കൂൾ. ആരോപണം നേരിടുന്ന എല്ലാവരെയും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയരാക്കണമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.

Content Highlights: Preliminary bone ossification test proved age fraud by sub-junior gold medalist M.D. Maroof., Competition results revised, awarding gold to Sobin K. Sebastian from Idukki., First time scientific bone tests are being used to determine athlete age in the Kerala State Sports Meet history.