സ്‌കൂള്‍ ഒളിമ്പിക്‌സ്; രജിസ്‌ട്രേഷനും താമസവും അടക്കം സംഘാടകര്‍ക്ക് വെല്ലുവിളികള്‍ നിരവധി

#സ്പോര്‍ട്സ് ലേഖകന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി രതീഷ്‌
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി രതീഷ്‌

കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന കായികമേളയുടെ ട്രാക്കിലേക്ക് പ്രതീക്ഷയോടെ ഒരുങ്ങുന്ന കേരളത്തിനുമുന്നില്‍ വലിയ വെല്ലുവിളിയും കാത്തിരിപ്പുണ്ട്.

നവംബര്‍ നാലുമുതല്‍ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് സ്‌കൂള്‍ ഒളിമ്പിക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. 24,000 കായികപ്രതിഭകളും ഭിന്നശേഷിക്കാരായ 2000 താരങ്ങളും മേളയുടെ ഭാഗമാകും. യു.എ.ഇ.യിലെ കേരള സിലബസ് സ്‌കൂളിലെ വിദ്യാര്‍ഥികളും ഇതാദ്യമായി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കും. കുട്ടികളുടെ പങ്കാളിത്തംകൊണ്ട് സ്‌കൂള്‍ ഒളിമ്പിക്‌സിനെ ലോകത്തെ ഏറ്റവും വലിയ കായികമേളയാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. എന്നാല്‍, വലിയതോതിലുള്ള പങ്കാളിത്തവും ഇതിനുള്ള അടിസ്ഥാനസൗകര്യമൊരുക്കലും വെല്ലുവിളിയായി മുന്നിലുണ്ട്.

രജിസ്‌ട്രേഷനും താമസവും

26,000-ത്തോളം താരങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ രജിസ്‌ട്രേഷനും താമസസൗകര്യങ്ങളുടെ ക്രമീകരണവുമാണ് സംഘാടകര്‍ക്ക് വലിയ വെല്ലുവിളിയാകുന്നത്. എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത 50 സ്‌കൂളുകളില്‍ താമസസൗകര്യം ഒരുക്കുമെന്ന് സംഘാടകര്‍ പറയുന്നു. ഇത്രയും കുട്ടികളുടെ രജിസ്ട്രേഷന്‍ ഏതുരീതിയില്‍ ക്രമീകരിക്കുമെന്നതില്‍ വ്യക്തതയില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും തീരുമാനമാകാനുണ്ട്.

സൗജന്യയാത്ര

മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒഫീഷ്യല്‍സിനും നവംബര്‍ നാലുമുതല്‍ 11 വരെ മെട്രോ റെയില്‍, വാട്ടര്‍ മെട്രോ എന്നിവയില്‍ യാത്ര സൗജന്യമാക്കുന്നത് പരിഗണിക്കുന്നുണ്ട്.

ആശയം ഒളിമ്പിക്‌സ്

സംസ്ഥാനത്തിന്റെ കായികപ്രതാപം തിരികെക്കൊണ്ടുവരുന്നതിനും ഇവിടത്തെ കുട്ടികളെ ലോകോത്തര കായികമേളകളില്‍ മികവുകൈവരിക്കുന്നതിന് പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷത്തെ സംസ്ഥാന കായികമേള ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്നത്. രാജ്യത്ത് ആദ്യമായാണ് സ്‌കൂള്‍ കായികമേള ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ നാലിന് വൈകുന്നേരം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒളിമ്പിക്‌സിനെ അനുസ്മരിക്കുന്ന ചടങ്ങുകളോടെയാകും മേള തുടങ്ങുക. സമാപനം നവംബര്‍ 11-ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരിക്കും.

Content Highlights: Kerala prepares for its first state school Olympics, inspired by the Olympics, with 24,000 athletes