15 വർഷം മുൻപുള്ള റെക്കോഡ് വീണു; വേഗതാരമായി അതുൽ, സ്വർണം നേടി ഋതുപർണയും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോഡോടെ വേഗതാരമായി ആലപ്പുഴയുടെ അതുൽ ടി.എം. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതുൽ റെക്കോഡിട്ടത്. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് വി.എം.എച്ച്. എസ് വടവന്നൂരിലെ ഋതുപർണ സ്വർണം നേടി. 12.43 സെക്കൻഡിലാണ് ഋതുപർണ ഫിനിഷ് ചെയ്തത്.
സംസ്ഥാന സ്കൂൾ കായികമേളയിൽ 15 വർഷം മുൻപുള്ള റെക്കോഡാണ് അതുൽ തകർത്തത്. 2011-ൽ കോതമംഗലം മാർബേസിൽ എച്ച്. എസ്.എസ്സിലെ ജിജിൻ വിജയൻ 10.7 സെക്കൻഡിൽ ഫിനിഷ് ചെയ്ത സ്വന്തമാക്കിയിരുന്ന റെക്കോഡ് ആണ് ഇക്കുറി അതുൽ പഴങ്കഥയാക്കിയത്. ആലപ്പുഴ ഗവ. ഡി.വി.എച്ച് എസ്.എസ് ചാരമംഗലം സ്കൂൾ വിദ്യാർഥിയാണ് അതുൽ. സീനിയർ വിഭാഗത്തിൽ ശ്രീഹരി സി വെള്ളിയും ട്രോയ് എം.എസ്. വെങ്കലവും നേടി. ശ്രീഹരി 10.74 സെക്കൻഡിലും ട്രോയ് 10.91 സെക്കൻഡിലും ഫിനിഷ് ചെയ്തു. സീനിയർ പെൺകുട്ടികളിൽ ശ്രേയ ആർ വെള്ളിയും സരയു ലക്ഷ്മി വെങ്കലവും സ്വന്തമാക്കി. ശ്രേയ 12.73 സെക്കൻഡിലും സരയു 12.86 സെക്കൻഡിലും ഫിനിഷിങ് ലൈൻ തൊട്ടു.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴയുടെ മിലൻ ജോർജ് സ്വർണവും കോട്ടയത്തിന്റെ വിഷാനു യാദവ് വെള്ളിയും നേടി. മിലൻ 11.02 സെക്കൻഡിലും വിഷാനു യാദവ് 11.07 സെക്കൻഡിലും ഫിനിഷ് ചെയ്തു. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഗൗരേഷ് ബിനോയ് 11.27 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി.
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ ജിൽഷ ജിനിൽ സ്വർണം നേടി. 12.29 സെക്കൻഡിൽ ആണ് ജിൽഷ ഫിനിഷ് ചെയ്തത്. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്സിലെ ആൻവി വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്. എസ്.എസ്സിലെ സ്നേഹ ശ്യാം വെങ്കലവും നേടി. ആൻവി 12.65 സെക്കൻഡിലും സ്നേഹ 12.82 സെക്കൻഡിലും ഫിനിഷ് ചെയ്തു.
സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി. എം സ്വർണം നേടി. ശ്രീഹരി 12.01 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടു. മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് ഇസാൻ വെള്ളിയും കോഴിക്കോട് മേപ്പയൂർ ജി.വി.എച്ച്. എസ്.എസ്സിലെ ഫസൽ മുഹമ്മദ് വെങ്കലവും നേടി. ഇസാൻ 12.13 സെക്കൻഡിലും ഫസൽ 12.18 സെക്കൻഡിലും ഫിനിഷ് ചെയ്തു.
സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ സങ്കീർ ത്തന എസ് സ്വർണം നേടി. 13.10 സെക്കൻഡിൽ ആണ് സങ്കീർത്തന ഫിനിഷിങ് ലൈൻ തൊട്ടത്. ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്. എസ്.എസ്സിലെ ഹർഷ ജോൺ വെള്ളിയും ആലപ്പുഴ ഗവ. യു.പി.എസ്. ടിയിലെ സ്നേഹ എസ് വെങ്കലവും നേടി. ഹർഷ 13.20 സെക്കൻഡിലും സ്നേഹ 13.38 സെക്കൻഡിലും ഫിനിഷ് ചെയ്തു.
Content Highlights: Atul T.M. broke a 15-year-old record in the senior boys 100m by finishing in 10.63 seconds., Rituparna won gold in the senior girls 100m with a timing of 12.43 seconds., Detailed results and medal winners across senior, junior, and sub-junior categories in the Kerala School Athletics Meet.