'3000 മീറ്റർ ജയിച്ചു സാറേ, എനിക്കൊരു വീട് കിട്ടുമോ?'-അക്ഷയ ചോദിക്കുന്നു

#ടി.ജെ ശ്രീജിത്ത്
അക്ഷയ/ അക്ഷയയുടെ പനങ്ങാട്ടിരിയിലെ വീട് | Photo: Mathrubhumi
അക്ഷയ/ അക്ഷയയുടെ പനങ്ങാട്ടിരിയിലെ വീട് | Photo: Mathrubhumi

കോഴിക്കോട്: ഓടി ഒന്നാമതെത്തിയശേഷം അക്ഷയ ട്രാക്കിലിരുന്നു. പെട്ടെന്ന് സ്‌പൈക്‌സ് ഊരി. അത് സ്‌കൂളിലെ മറ്റൊരു കുട്ടിയുടേതാണ്. അവന്റെ മത്സരം തുടങ്ങാൻ പോകുന്നു. കാലിലെ പരിക്ക് മുഖത്ത് വേദനയുടെ ചുളിവുകൾ വീഴ്ത്തുന്നുണ്ടെങ്കിലും അവൾ ചിരിച്ച മുഖത്തോടെ ചുറ്റുംനോക്കി. ''ഓടി ജയിച്ചാലെങ്കിലും ഒരു വീടുകിട്ടുമോ സാറേ...'' -പരിശീലകനായ ബിജു വാസുദേവനോട് ഈ ചോദ്യം ചോദിച്ചുകൊണ്ട് നാലുവർഷംമുൻപേ ഓടിത്തുടങ്ങിയതാണ് അക്ഷയ.

ഇനിയൊരു സ്‌കൂൾ കായികമേളയ്ക്ക് അവളില്ല. കോഴിക്കോട്ടെ ട്രാക്കിൽ അവളോടുമ്പോൾ പാലക്കാട് പനങ്ങാട്ടിരിയിലെ ഓലമേഞ്ഞ ഒറ്റമുറിവീട്ടിൽ അമ്മ സൗമ്യയും ഹൃദ്രോഗിയായ ചേച്ചി അർച്ചനയും പ്രാർഥനയിലായിരുന്നു. സംസ്ഥാന സ്‌കൂൾകായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ഒന്നാമതായി പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസിലെ ജി. അക്ഷയ ഫിനിഷ് ചെയ്യുമ്പോൾ കോച്ചിന്റെ കണ്ണുകൾ നിറഞ്ഞു.

ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ പരിശീലനം തുടങ്ങിയ അക്ഷയ കഴിഞ്ഞവർഷം സംസ്ഥാന അമച്വർ അത്ലറ്റിക്സിൽ 1500 മീറ്ററിലും 1000 മീറ്ററിലും വെള്ളി നേടി. പോയവർഷം സംസ്ഥാന സ്‌കൂൾ കായികമേളയിൽ 3000 മീറ്ററിൽ അക്ഷയ സ്വർണം നേടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പരിശീലനത്തിനിടെ കാലിന്റെ പേശിക്ക് പരിക്കേറ്റു. മത്സരിക്കരുതെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ''ഞാൻ ഓടിനോക്കട്ടെ സാറേ... ഫസ്റ്റടിക്കാൻ പറ്റിയാൽ വീടുകിട്ടുമല്ലോ...'' -അവൾ കോച്ചിനോട് പറഞ്ഞു. അങ്ങനെ വേദനകടിച്ചമർത്തി അവൾ ഓടി. പക്ഷേ, വെള്ളി നേടാനേ കഴിഞ്ഞുള്ളൂ. ഫിനിഷിങ് ലൈനിൽ വേദനയിൽ പുളഞ്ഞ് വീണപ്പോൾ വീടെന്ന സ്വപ്നത്തിലേക്കുള്ള സ്വർണദൂരം ഒരുവർഷംകൂടി നീണ്ടു.

''എല്ലാവരുടെയും അനുഗ്രഹവും കിട്ടട്ടെ അവൾക്ക്...'' -അക്ഷയ ജയിച്ചതറിഞ്ഞ് അമ്മ സൗമ്യ പറഞ്ഞതിങ്ങനെ. പാവയ്ക്ക കൊണ്ടാട്ടക്കമ്പനിയിലെ ജോലിക്കാരിയായ അമ്മ സൗമ്യ, ത്വക്കിന് അലർജിവന്നതോടെ ഒരുമാസമായി ജോലിക്ക് പോകുന്നില്ല. അച്ഛൻ ഗുരുവായൂരപ്പൻ ട്രാക്ടർ ഡ്രൈവറാണ്. ചേച്ചി അർച്ചനയ്ക്ക് തിരുവനന്തപുരം ശ്രീചിത്രയിലാണ് ചികിത്സ. ഹൃദയം മാറ്റിവെക്കൽമാത്രമേ പ്രതിവിധിയുള്ളൂവെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അതിനാൽ പ്ലസ്ടു കഴിഞ്ഞെങ്കിലും തുടർ പഠനത്തിന് പോയില്ല.

പ്രതിരോധശേഷിയില്ലാത്തതിനാൽ ശ്വാസംമുട്ടലിന്റെ പ്രശ്നങ്ങളുള്ള അനിയൻ അഖിൽ പനങ്ങാട്ടിരി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. കുടുംബത്തിന് സ്വന്തം സ്ഥലമില്ല. അച്ഛന്റെ ചേട്ടന്റെ പേരിലുള്ള സ്ഥലത്താണ് ഇപ്പോഴുള്ള വീട്. ലൈഫ് മിഷനിൽ അപേക്ഷ കൊടുത്തെങ്കിലും പരിഗണിച്ചില്ല. മേളയിൽ അക്ഷയ 1500 മീറ്ററിലും മത്സരിക്കുന്നുണ്ട്.

Content Highlights: G. Akshaya won first place in the senior girls' 3000m at the Kerala State School Athletics Meet., She ran through an injury with the ultimate dream of securing a home for her struggling family., Her family faces extreme financial hardships, including a sister awaiting heart transplant surgery., Despite lacking resources and facing health setbacks last year, her resilience led her to victory.