ദേശീയ ഗെയിംസ്: കേരളത്തിന് വെള്ളിയും വെങ്കലവും

ഹല്‍ദ്വാനി: 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് വെള്ളിയാഴ്ച ഒരു വെള്ളിയും വെങ്കലവും. വനിതാ ബീച്ച് ഹാൻഡ് ബോൾ ഫൈനലിൽ കേരളം ഹരിയാണയോട് തോറ്റു (22-7, 32-5). കഴിഞ്ഞതവണയും കേരളത്തിന് വെള്ളിയായിരുന്നു.
പുരുഷ ഖോ ഖോ യിൽ സെമിയിൽ കേരളം ഒഡിഷയോട് പരാജയപ്പെട്ടു ( 33 - 26). ഇതോടെ കേരളം വെങ്കലത്തിലൊതുങ്ങി. കഴിഞ്ഞതവണയും വെങ്കലമായിരുന്നു. ഇതോടെ രണ്ടു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമടക്കം കേരളത്തിൻ്റെ ആകെ മെഡൽ ആറായി.
വോളിബോളിൽ കേരളാ ടീമുകൾ സെമിയിലെത്തി. പുരുഷൻമാരുടെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം കർണാടയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ: 25-21,25-18, 25-16. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം സെമി ഫൈനലിന് യോഗ്യത നേടിയത്.
ആദ്യ മത്സരത്തിൽ സർവീസസിനേട് പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച സെമിയിൽ കേരളം തമിഴ്നാടിനെ നേരിടും . വനിതാ വിഭാഗത്തിൽ തോൽവി അറിയാതെയാണ് കേരളം സെമി ഫൈനലിന് യോഗ്യത നേടിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കർണാടകയെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചു. സ്കോർ 25-12, 25-16, 25-17. സെമിയിൽ ചണ്ഡീഗഢാണ് എതിരാളി.
Content Highlights: Kerala get Silver and bronze National Games