ജൂഡോയിൽ ആറാം ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ഏക മലയാളിയായി ജെ.ആർ. രാജേഷ്

കൊച്ചി: ജൂഡോയിൽ ആറാം ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ഏക മലയാളിയായി കാഞ്ഞൂർ പുതിയേടം സ്വദേശി ജെ.ആർ. രാജേഷ്. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ആറാം ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി നൽകിയത്. അന്താരാഷ്ട്ര ജൂഡോ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യയിൽനിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടുള്ള മൂന്ന് പേരിൽ ഒരാളാണ് ജെ.ആർ. രാജേഷ്.
ഈ ബഹുമതി തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും ജൂഡോയെ രാജ്യത്ത് കൂടുതൽ ശക്തമാക്കുന്നതിനും മികച്ച കായിക ഇനമായി മാറ്റാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന മുഴുവൻ ജൂഡോ കുടുംബത്തിനുമുള്ള അംഗീകാരമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രായം എന്നത് അക്കം മാത്രമാണെന്നും ലക്ഷ്യബോധമുണ്ടെങ്കിൽ ഏത് പ്രായത്തിലും പുതിയ ഉയരങ്ങൾ കീഴടക്കാമെന്നും പറയുകയാണ് രാജേഷ്.
1985-ൽ പരിശീലനം ആരംഭിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആദ്യ ജൂഡോ കോച്ചാവുകയും പിന്നീട് പത്ത് വർഷത്തെ അന്താരാഷ്ട്ര റെഫറി പരിചയത്തിന് ശേഷം ഇന്റർനാഷണൽ എ-ഗ്രേഡ് റെഫറിയാവുകയും ചെയ്യുകയായിരുന്നു. നടൻ ജയനോടുള്ള അടങ്ങാത്ത ആരാധനയിൽനിന്ന് ലഭിച്ച പ്രചോദനമാണ് രാജേഷിനെ തന്റെ പരിമിതികൾ മറികടന്ന് അന്താരാഷ്ട്ര ജൂഡോ റെഫറി എന്ന വലിയ നേട്ടത്തിലേക്ക് നയിച്ചത്.
ജുഡോയുടെ വളർച്ചക്കും വികസനത്തിനുമായി നാല് പതിറ്റാണ്ടുകളായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ സമാപ്തിയായാണ് ഈ അംഗീകാരത്തെ കണക്കാക്കുന്നത്. ജുഡോയെ രാജ്യത്ത് കൂടുതൽ ശക്തമാക്കാനും, നിലവാരം ഉയർത്താനും രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കാനും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
Content Highlights: J R Rajesh is the first and only Malayali to be awarded a 6th Dan Black Belt in Judo