റൊണാള്‍ഡീന്യോയെ പുറത്തിറക്കാന്‍ മെസ്സി? 33 കോടി രൂപ ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍

Ronaldinho and Lionel Messi  Photo: Twitter
Ronaldinho and Lionel Messi Photo: Twitter

അസന്‍സിയോണ്‍: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വായിയില്‍ അറസ്റ്റിലായ ബ്രസീലിന്റെ മുന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോയ്ക്ക് സഹായഹസ്തവുമായി സഹതാരമായിരുന്ന ലയണല്‍ മെസ്സി. റൊണാള്‍ഡീന്യോയുടെ അറസ്റ്റ് വാര്‍ത്തയറിഞ്ഞ് മെസ്സി വിഷയത്തില്‍ ഇടപെട്ടുവെന്നും റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്ന് പുറത്തിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 33 കോടിയോളം രൂപ ചെലവഴിച്ചുവെന്നുമാണ് സൂചന. 

മുമ്പ് ബാഴ്‌സലോണയില്‍ മെസ്സിയും റൊണാള്‍ഡീന്യോയും ഒരുമിച്ചു കളിച്ചിട്ടുണ്ട്. മെസ്സിയുടെ അടുത്ത സുഹൃത്തും മാര്‍ഗ്ഗദര്‍ശിയുമാണ് റൊണാള്‍ഡീന്യോ. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മെസ്സി റൊണാള്‍ഡീന്യോയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചതിന് റൊണാള്‍ഡീന്യോയ്‌ക്കൊപ്പം സഹോദരന്‍ റോബര്‍ട്ടോ ഡി അസ്സിസിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും ആറു മാസത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനെതിരേ റൊണാള്‍ഡീന്യോയുടെ അഭിഭാഷകന്‍ സെര്‍ജിയോ ക്വെയ്‌റോസ് കോടതിയെ സമീപിച്ചിരുന്നു. റൊണാള്‍ഡീന്യോ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഉപയോഗിച്ചിരുന്ന പാസ്‌പോര്‍ട്ട് വ്യാജമായിരുന്നുവെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു. റൊണാള്‍ഡീന്യോയെ ഹൗസ് അറസ്റ്റിലേക്ക് മാറ്റണമെന്നും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതു തള്ളിയ കോടതി ഹൗസ് അറസ്റ്റിലായാല്‍ പരാഗ്വായിയില്‍ നിന്ന് റൊണാള്‍ഡീന്യോ രക്ഷപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

നിലവില്‍ റൊണാള്‍ഡീന്യോയ്ക്ക് ബ്രസീല്‍ പാസ്‌പോര്‍ട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഇദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ട് ബ്രസീല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2015-ല്‍ ഗുവയ്ബ തടാകത്തില്‍ അനധികൃത നിര്‍മാണം നടത്തിയതിന് താരത്തിന് കോടതി പിഴശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിഴയൊടുക്കാന്‍ താരം വീഴ്ചവരുത്തിയതോടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയായിരുന്നു. 

Content Highlights: Is Lionel Messi Helping Ronaldinho Get Out Of Prison In Paraguay?

Content Highlights: