ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; അധ്യക്ഷ പി.ടി ഉഷയ്ക്ക് തോൽവി, അഞ്ജു ബോബി ജോർജ്ജിന് ജയം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
Photo: PTI
Photo: PTI

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) തിരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷ പി.ടി ഉഷയ്ക്ക് തോൽവി. സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് പൂർത്തിയായത്. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് മാത്രമേ അധ്യക്ഷ പദവിയിലേക്കുള്ള ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കൂ. ഇതോടെ അടുത്ത തവണ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പി.ടി ഉഷയുടെ വഴിയടഞ്ഞു. നാല് സ്ഥാനങ്ങളിലേക്കായി ആറ് മുൻ വനിതാ താരങ്ങളാണ് മത്സരിച്ചത്.

40 വോട്ടുകൾ മാത്രം ലഭിച്ച പി.ടി ഉഷ അഞ്ചാം സ്ഥാനത്താണെത്തിയത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് മലയാളിയായ മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജ്ജിനാണ്. അഞ്ജു 53 വോട്ടുകൾ നേടിയപ്പോൾ മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ 50 വോട്ടുകൾ നേടി. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി 45 വോട്ടുകൾ നേടിയപ്പോൾ ബാഡ്മിന്റൺ താരമായിരുന്ന സൈന നേവാൾ 43 വോട്ടുകളും നേടി. മുൻ അത്‌ലറ്റ് അനിത പോൾ ദുരൈ വെറും ആറ് വോട്ടുകളുമായി അവസാന സ്ഥാനത്താണെത്തിയത്.

അതേസമയം, വോട്ടെടുപ്പിന് മുമ്പുതന്നെ പി.ടി ഉഷയെ പരാജയപ്പെടുത്താൻ ഡോള ബാനർജിയുടെ നേതൃത്വത്തിൽ ചരടുവലികൾ നടന്നതായി ആരോപണമുണ്ടായിരുന്നു. 'ന്യൂ ഭാരത് പാനൽ' എന്ന പേരിൽ ഒരു സന്ദേശം വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും അംഗങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പി.ടി ഉഷ പക്ഷം ആരോപിച്ചിരുന്നു.

അഞ്ജു ബോബി ജോർജ്ജ്, സൈന നേവാൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ഈ പാനലുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡോള ബാനർജിക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇലക്ടറൽ ഓഫീസർക്ക് പി.ടി ഉഷ പരാതി നൽകുകയും ചെയ്തിരുന്നു.

Content Highlights: PT Usha defeated in the Indian Olympic Association (IOA) elections for the women athletes' representative position., Anju Bobby George secured the highest number of votes with 53 votes., Other winners include Rani Rampal, Dola Banerjee, and Saina Nehwal., PT Usha alleged a WhatsApp campaign against her led by Dola Banerjee.