ചെസ്സിലെ കേരളത്തിന്റെ മുന്നേറ്റത്തിന് അന്തർദേശീയ മത്സരങ്ങൾ സഹായിക്കും - എസ്.എല്‍. നാരായണന്‍

S. L. Narayanan
S. L. Narayanan

തിരുവനന്തപുരം: കായിക കേരളം മികവിന്റെ പാതയില്‍ കുതിക്കുമ്പോഴും ചെസ്സ് പൂർണമായ വളർച്ച നേടിയിട്ടില്ലെന്ന്  മലയാളി ഗ്രാന്റ് മാസ്റ്റര്‍ എസ്.എല്‍. നാരായണന്‍. മികച്ച പരിശീലനത്തോടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ചെസ്സ് മേഖലയില്‍ നമ്മൾ വികസിപ്പിക്കേണ്ടതുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ പരിമിതികൾ ഉള്ളപ്പോൾ കൂടുതൽ  സഹായങ്ങൾ ബാഹ്യമായി ലഭിക്കേണ്ടതുണ്ട്. പ്രഥമ ചെ ഇന്റര്‍നാഷണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മുവാറ്റുപുഴ സ്വദേശി ജി. എൻ. ഗോപാലിനു ശേഷം ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ മലയാളിയാണ് എസ്.എൽ. നാരായണൻ.

ചെസ്സ് കേവലമൊരു കായിക വിനോദം മാത്രമല്ല. എതിരാളികളുടെ അടുത്ത കരുനീക്കങ്ങളെ മുൻകൂട്ടി കാണാനുള്ള ശേഷി ഈ മത്സരത്തിന്റെ വിജയത്തിൽ പ്രധാനമാണ്. കരുനീക്കങ്ങളുടെ വേഗതയും കൃത്യതയുമാണ് ചെസ്സ് മത്സരങ്ങളിൽ ആവശ്യം. മലയാളികൾ പൊതുവിൽ എല്ലാ കാര്യങ്ങളിലും താല്പര്യമുള്ളവർ തന്നെയാണ് . അതുകൊണ്ടുതന്നെ ചെസ്സ് പഠിക്കാനും മനസ്സിലാക്കാനും മലയാളികൾക്ക് താല്പര്യമുണ്ട്. എന്നാൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന മലയാളികളുടെ എണ്ണം താരതമ്യേന കുറവാണ്. ഈ മനോഭാവമാണ് മാറേണ്ടത്. കുട്ടിക്കാലം മുതൽക്കേ മികച്ച പരിശീലനം നൽകിയാൽ കേരളത്തിനും നിരവധി ഗ്രാന്റ്മാസ്റ്റേഴ്സിനെ സൃഷ്ടിക്കാം - എസ് എല്‍ നാരായണന്‍ പറഞ്ഞു.

അന്തർദേശീയ താരങ്ങളോടൊപ്പം നമ്മുടെ കുട്ടികൾക്കും മത്സരിക്കാൻ അവസരമൊരുക്കിയ സർക്കാരിന്റെ ഈ ഉദ്യമം പ്രശംസനീയമാണ്. ഇത്തരത്തിലുള്ള ചാമ്പ്യൻഷിപ്പുകൾ കൂടുതൽ നടക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ വരുംതലമുറയിലെ കുട്ടികൾക്ക് ഇനി എത്രത്തോളം മുന്നോട്ടുപോകണമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകൂ. ക്യൂബൻ ഗ്രാൻഡ്മാസ്റ്ററിനെ സമനിലയിൽ തളച്ച വയനാടുള്ള അഭിനവ് രാജ് എന്ന മിടുക്കൻ ഒരു പ്രതീക്ഷയാണ്. ഇടുക്കിയിലെ ഒരു കുടുംബത്തിലെ മുഴുവൻ കുട്ടികളും ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടി. നമുക്ക് നല്ല വിഭവശേഷിയുണ്ട്. അതിനെ കൃത്യമായ മാർഗ്ഗത്തിലൂടെ പരിപോഷിപ്പിക്കേണ്ട കാര്യമേയുള്ളൂ - എസ്.എല്‍. നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: International competitions will help Keralas progress in chess