ഏഷ്യൻ ഗെയിംസിനെത്തി ബുദ്ധിമുട്ടിലായി ഇന്ത്യൻ ഷൂട്ടിങ് താരങ്ങളും; പെട്ടികളുമായി താരങ്ങൾ തെരുവിൽ

നഗോയ: ഏഷ്യൻ ഗെയിംസിനെത്തുന്ന താരങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നത് തുടർക്കഥ. ഇത്തവണ ജപ്പാനിലെത്തിയ 35 അംഗ ഇന്ത്യൻ ഷൂട്ടിങ് സംഘമാണ് കടുത്ത പ്രതിസന്ധി നേരിട്ടത്. നഗോയയിൽ എത്തിയ താരങ്ങൾക്ക് വാഹന സൗകര്യവും താമസസൗകര്യവും ലഭിച്ചില്ല.
മറ്റ് രാജ്യങ്ങളിലെ ടീമുകളും ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യൻ സംഘത്തിനാണ് ഏറ്റവും മോശം അനുഭവം നേരിടേണ്ടി വന്നത്. സ്ഥിതി രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അടിയന്തരമായി ഇടപെടുകയായിരുന്നു. തുടർന്ന് 400 മീറ്റർ അകലെയുള്ള രണ്ട് കെട്ടിടങ്ങളിലായി ആകെ 18 മുറികൾ അനുവദിച്ചു. എന്നാൽ ഈ താമസസൗകര്യ ക്രമീകരണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ആദ്യത്തെ ട്രാൻസ്‌പോർട്ട് വാഹനം പുറപ്പെട്ടിരുന്നു.
ഇതോടെ, പുലർച്ചെ ഭാരമുള്ള ഷൂട്ടിങ് ഉപകരണങ്ങളും വലിയ പെട്ടികളും ഔദ്യോഗിക വസ്ത്രങ്ങളുമായി അത്‌ലറ്റുകൾക്ക് പൊതുനിരത്തുകളിലൂടെ നടക്കേണ്ടി വന്നു. വനിതാ താരങ്ങളെ സഹായിക്കുന്നതിനായി പുരുഷ അത്‌ലറ്റുകൾ ഇരു കെട്ടിടങ്ങൾക്കുമിടയിൽ പലതവണ നടന്നാണ് സാധനങ്ങൾ എത്തിച്ചു നൽകിയത്.
നഗോയയിൽ വിമാനമിറങ്ങി എട്ട് മണിക്കൂറിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, പുലർച്ചെ 5:00-നും 5:30-നും ഇടയിലാണ് താരങ്ങൾക്ക് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്.
നേരത്തേ വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ അത്‌ലറ്റുകൾക്ക് മണിക്കൂറുകളോളമാണ് താമസ സൗകര്യങ്ങൾക്കും മറ്റുമായി കാത്തിരിക്കേണ്ടി വന്നത്. ഗെയിംസ് വില്ലേജിലെത്തി 14 മണിക്കൂറിനുശേഷമാണ് ചിലർക്ക് താമസസൗകര്യം ലഭ്യമാക്കിയത്.
ചില താരങ്ങൾ താത്കാലികമായി ഹോട്ടൽ മുറികളിലേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്. ലഭ്യമായ മുറികൾ താരങ്ങൾ പങ്കിട്ട് താമസിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ കിടക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചിട്ടുണ്ട്.
Content Highlights: 35-member Indian shooting squad faced severe logistics issues in Nagoya., Lack of transport and accommodation forced athletes to carry heavy luggage on streets., Indian Olympic Association intervened after hours of uncertainty and delay.