ഏഷ്യൻ പാരാ ഗെയിംസിനിടെ ഇന്ത്യയ്ക്ക് നാണക്കേട്; ലൈംഗികാതിക്രമ പരാതിയെ തുടർന്ന് നീന്തൽ താരത്തെ തിരിച്ചയച്ചു

ഐച്ചി നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിനിടെ ഇന്ത്യയ്ക്ക് നാണക്കേട്. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഇന്ത്യൻ പാരാ നീന്തൽ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ ജപ്പാനിൽ നിന്ന് തിരിച്ചയച്ചു. താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളുണ്ടായേക്കും.
താരങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലെ നേപ്പാൾ വംശജയായ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. മുറിയിൽ നിന്ന് രക്ഷപ്പെട്ട ജീവനക്കാരി ഹോട്ടൽ മാനേജറെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസെത്തി ഷംസ് ആലത്തേയും ഇന്ത്യൻ പ്രതിനിധികളേയും കസ്്റ്റഡിയിലെടുത്തു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുമ്പാണ് ഈ സംഭവം. തുടർന്ന് ഇന്ത്യൻ താരത്തെ ഗെയിംസിൽ നിന്ന് പുറത്താക്കി നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഷംസ് ആലത്തിന്റെ ഭാഗം കൂടി കേട്ടശേഷം നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ പാരാലിമ്പിക് കമ്മിറ്റി വ്യക്തമാക്കി. പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ളൈ, 50 മീറ്റർ ബ്രസ്റ്റ്സ്ട്രോക്ക് എന്നീ വിഭാഗങ്ങളിലാണ് ഷംസ് ആലം മത്സരിക്കേണ്ടിയിരുന്നത്.
Content Highlights: Indian para swimmer Mohammed Shams Aalam Shaikh sent back from Asian Para Games, Accused of sexual harassment against a hotel housekeeping staff member in Japan, Detained by Japanese police along with Indian officials before the events, Paralympic Committee of India to consider a lifetime ban after hearing his statement