അത്ലറ്റിക്‌സ് സീരീസ്; ആൻസിക്ക് സ്വർണം, വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ വനിതയായി ഹരിത ഭദ്ര

ന്യൂഡൽഹി: ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ അത്ലറ്റിക്‌സ് സീരീസ് ഫൈനലിൽ വനിതകളുടെ 100 മീറ്ററിൽ വിജയിച്ച്, ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമായി മഹാരാഷ്ട്രയിൽ നിന്നുള്ള 23-കാരി ഹരിത ഭദ്ര. 11.22 സെക്കൻഡിലായിരുന്നു താരത്തിന്റെ ഫിനിഷ്. 2021-ൽ ദ്യുതി ചന്ദ് സ്ഥാപിച്ച ദേശീയ റെക്കോഡ് നേരിയ വ്യത്യാസത്തിലാണ് (0.05 സെക്കൻഡ്) ഹരിതയ്ക്ക് നഷ്ടമായത്. ഓഗസ്റ്റിൽ ഭുവനേശ്വറിൽ നടന്ന വേൾഡ് അത്ലറ്റിക്‌സ് സിൽവർ ലെവൽ കോണ്ടിനെന്റൽ ടൂർ മീറ്റിൽ കുറിച്ച 11.46 സെക്കൻഡായിരുന്നു ഹരിതയുടെ ഇതുവരെയുള്ള മികച്ച വ്യക്തിഗത പ്രകടനം.
ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ആദ്യം ഹരിതയെ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് ടീമിലെടുക്കുകയായിരുന്നു. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലാണ് ഹരിത മത്സരിക്കുന്നത്.
അതേസമയം പുരുഷ-വനിതാ ഹാമർ ത്രോ മത്സരങ്ങളിൽ പുതിയ ദേശീയ റെക്കോഡുകൾ പിറന്നു. ആകെ 65 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് ഈ ടൂർണമെന്റിൽ അത്ലറ്റുകൾക്കായി വിതരണം ചെയ്തത്. പുരുഷ വിഭാഗം ഹാമർ ത്രോയിൽ ഡൽഹിയുടെ നിർഭയ് ചൗധരി 71.02 മീറ്റർ ദൂരത്തേക്ക് ഹാമർ എറിഞ്ഞ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു. 2016-ൽ നീരജ് കുമാർ സ്ഥാപിച്ച 70.73 മീറ്ററിന്റെ റെക്കോഡാണ് നിർഭയ് മറികടന്നത്. വനിതാ വിഭാഗത്തിൽ ഉത്തർപ്രദേശിന്റെ താന്യ ചൗധരി 68.35 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തി. 2017-ൽ സരിത സിങ് കുറിച്ച 65.25 മീറ്ററിന്റെ റെക്കോഡാണ് താന്യ മറികടന്നത്.
ഒഡിഷയുടെ അനിമേഷ് കുജൂർ പുരുഷന്മാരുടെ സ്പ്രിന്റ് ഇനങ്ങളായ 100 മീറ്ററിലും (10.21 സെക്കൻഡ്) 200 മീറ്ററിലും (20.59 സെക്കൻഡ്) ഇരട്ട സ്വർണം നേടി.
കേരളത്തിന്റെ അത്ലറ്റുകൾ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവെച്ചത്. വനിതകളുടെ ലോങ് ജമ്പിൽ 6.76 മീറ്റർ ചാടി അൻസി സോജൻ സ്വർണം നേടി. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ 16.43 മീറ്റർ ദൂരത്തോടെ കാർത്തിക് ഉണ്ണികൃഷ്ണൻ സ്വർണം കരസ്ഥമാക്കി. പുരുഷന്മാരുടെ 800 മീറ്ററിൽ 1:46.40 മിനിറ്റിൽ ഫിനിഷ് ചെയ്ത് മുഹമ്മദ് അഫ്‌സൽ സ്വർണം നേടി.
Content Highlights: Haritha Bhadra clocked 11.22 seconds in the 100m, becoming India's second-fastest woman ever., Ancy Sojan won gold in the women's long jump with a 6.76m leap., New national records were set in men's and women's hammer throw by Nirbhay Choudhary and Tanya Choudhary., Animesh Kujur secured a double gold in men's 100m and 200m sprints., Kerala athletes like Karthik Unnikrishnan and Muhammed Afsal also claimed gold medals.