ജാവലിൻ ത്രോയിലും 400 മീറ്ററിലും ലോകറെക്കോർഡോടെ സ്വർണം; മെഡലുകളുടെ എണ്ണത്തിൽ സെഞ്ചുറി പിന്നിട്ട് ഇന്ത്യ

ഐച്ചി നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ. അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡോട് കൂടിയ സ്വർണനേട്ടത്തോടെയാണ് ഇന്ത്യ മത്സരങ്ങൾ തുടങ്ങിയത്. പുരുഷന്മാരുടെ 400 മീറ്റർ ടി 44 വിഭാഗത്തിൽ സന്ദീപ് കുമാറും ജാവലിൻ ത്രോ എഫ് 37/38 വിഭാഗത്തിൽ ഹനിയുമാണ് ലോകറെക്കോർഡോടെ സ്വർണം കഴുത്തിലണിഞ്ഞത്.
52.28 സെക്കൻഡിൽ ഓടിയെത്തിയാണ് സന്ദീപ് ലോക റെക്കോർഡിട്ടത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ അജയ് കുമാർ വെങ്കലം നേടി. 53.61 സെക്കന്റിൽ ഓടിയെത്തി ഗെയിംസ് റെക്കോർഡോടെയാണ് അജയ് കുമാറിന്റെ വെങ്കലം. പാകിസ്താന്റെ നൂർ അൽസാന വെള്ളി നേടി.
60.49 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ഹനി ലോക റെക്കോർഡോടെ സ്വർണം നേടിയത്. അഞ്ചാമത്തെ ശ്രമത്തിൽ 59.72 മീറ്റർ ജാവലിൻ പായിച്ച് റെക്കോർഡിട്ട ഹനി അവസാന ശ്രമത്തിൽ ഇത് 60.49 മീറ്ററിലെത്തിക്കുകയായിരുന്നു. നേരത്തെ ഡിസ്കസ് ത്രോയിൽ ഹനി വെങ്കലവും നേടിയിരുന്നു.
പുരുഷൻമാരുടെ സിംഗിൾസ് ബാഡ്മിന്റൺ എസ്എൽ 3 വിഭാഗത്തിൽ നിതേഷ് കുമാർ സ്വർണവും പ്രമോദ് ഭഗത് വെള്ളിയും നേടി. പാരാ ആർച്ചറി റീക്കർവ് ടീം ഇനത്തിൽ ചൈനയെ 5-1ന് തോൽപ്പിച്ച് ഹർവീന്ദർ സിങ്ങും വിജയ്യും സ്വർണം സ്വന്തമാക്കി. ബാഡ്മിന്റൺ വനിതാ സിംഗിൾസ് എസ് യു 5 വിഭാഗത്തിൽ തുളസിമതി മുരുഗേശനും അമ്പെയ്ത്ത് റീക്കർവ് വനിതാ ഡബിൾസിൽ പൂജയും ഭാവ്നയും പുരുഷൻമാരുടെ 1500 മീറ്റർ ടി 46 വിഭാഗത്തിൽ പ്രമോദും വെള്ളി സ്വന്തമാക്കി.
നിലവിൽ 25 സ്വർണവും 32 വെള്ളിയും 43 വെങ്കലവുമായി ഇന്ത്യ ഗെയിംസിൽ നാലാം സ്ഥാനത്താണ്. 2022-ലെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ 29 സ്വർണം ഉൾപ്പെടെ 111 മെഡലുകൾ നേടിയിരുന്നു.
Content Highlights: India crossed the 100-medal milestone at the Asian Para Games., Sandeep Kumar set a world record in the men's 400m T44 category., Hani set a world record in the javelin throw F37/38 category., India stands in the fourth position with 25 gold, 32 silver, and 43 bronze medals.