ഇന്ത്യൻ ചെസ്സിൽ പുതുചരിത്രം, ഗ്രാൻഡ്മാസ്റ്റർമാരുടെ എണ്ണത്തിൽ സെഞ്ചുറി

#സ്പോർട്സ് ഡെസ്ക്
അനുജ് ശ്രീവാത്രി
അനുജ് ശ്രീവാത്രി

ന്യൂഡൽഹി: ഇന്ത്യൻ ചെസ്സിൽ പുതിയ ചരിത്രം പിറന്നു. ഗ്രാൻഡ്മാസ്റ്റർമാരുടെ എണ്ണത്തിൽ സെഞ്ചുറി തികഞ്ഞു. മധ്യപ്രദേശിൽ നിന്നുള്ള അനുജ് ശ്രീവാത്രിക്ക് ഗ്രാൻഡ്മാസ്റ്റർ പട്ടം ലഭിച്ചതോടെയാണിത്. ഏഴാമത് ആസിയാൻ പ്ലസ് ഓപ്പൺ ചെസ്സിൽ കിരീടം നേടിയതോടെയാണ് അനുജ് ഗ്രാൻഡ്മാസ്റ്ററാകുന്നത്. മധ്യപ്രദേശിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരം കൂടിയാണ്.

2004-ൽ ജനിച്ച അനുജ് 2020-ൽ ഇന്റർനാഷണൽ മാസ്റ്ററായിരുന്നു. ആറ് വർഷങ്ങൾക്കിപ്പുറം ഗ്രാൻഡ്മാസ്റ്ററുമായി. 1988-ൽ വിശ്വനാഥൻ ആനന്ദിലൂടെയാണ് ഇന്ത്യക്ക് ആദ്യഗ്രാൻഡ്മാസ്റ്ററെ ലഭിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ എസ്. അശ്വത് 98-ാമെത്തയും വി.എസ്. രത്നവേൽ 99-ാമെത്തയും ഗ്രാൻഡ്മാസ്റ്റർമാരായിരുന്നു. മൂന്ന് ഗ്രാൻഡ്മാസ്റ്റർ നോംസും 2500 എലോ റേറ്റിങ്ങും നേടുന്ന താരത്തിനാണ് ഗ്രാൻഡ്മാസ്റ്റർ പദവി ലഭിക്കുന്നത്. 22-കാരനായ അനുജ് കംപ്യൂട്ടർസയൻസിൽ ബി.ടെക് ബിരുദധാരിയാണ്.

ചെസ്സിൽ ലോകകിരീടങ്ങളും ഒളിമ്പ്യാഡും നേടിയ ഇന്ത്യ 100 ഗ്രാൻഡ്മാസ്റ്റർമാരെ സംഭാവന ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി മാറുകയും ചെയ്തു.100 ഗ്രാൻഡ്മാസ്റ്റർമാരിൽ നാല് പേർ വനിതകളാണ്. കൊനേരു ഹംപി, ഡി.ഹരിക, ആർ.വൈശാലി, ദിവ്യദേശ്‌മുഖ്‌ എന്നിവരാണിവർ. മൂന്ന് മലയാളികളും പട്ടികയിലുണ്ട്. ജി.എൻ.ഗോപാൽ, എസ്.എൽ.നാരായണൻ, നിഹാൽ സരിൻ എന്നിവരാണ് മലയാളി ഗ്രാൻഡ് മാസ്റ്റർമാർ.

Content Highlights: Anuj Shrivatri became India's 100th chess Grandmaster