ടി20 വനിതാ ലോകകപ്പ്; ചാമ്പ്യന്മാരായ ന്യൂസീലന്‍ഡിന് 19.6 കോടി; ഇന്ത്യക്കും സമ്മാനത്തുക

ദുബായ്: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് 2024 ടി20 വനിതാ ലോകകപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് ന്യൂസീലന്‍ഡ്. പുരുഷ, വനിതാ ടീമുകളില്‍ ന്യൂസീലന്‍ഡ് നേടുന്ന ആദ്യ വനിതാ ടി20 ലോകകപ്പ് കിരീടമാണിത്. ദുബായില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ 32 റണ്‍സിനായിരുന്നു ന്യൂസീലന്‍ഡിന്റെ വിജയം. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ചിന് 158 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 126 റണ്‍സിലൊതുങ്ങി. ഇതോടെ ന്യൂസീലന്‍ഡിന് 32 റണ്‍സിന്റെ ജയം.
ഐ.സി.സി. കിരീടം നേടിയതോടെ വന്‍ സമ്മാനത്തുകയാണ് ന്യൂസീലന്‍ഡിന് ലഭിക്കുക. ടി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക കഴിഞ്ഞ എഡിഷനെക്കാള്‍ 134 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതുപ്രകാരം ന്യൂസീലന്‍ഡിന് 2.34 മില്യണ്‍ യു.എസ്. ഡോളര്‍ ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 19.6 കോടി രൂപ. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 9.8 കോടി രൂപയും ലഭിക്കും (1.17 മില്യണ്‍ ഡോളര്‍).
ഫൈനലിസ്റ്റുകള്‍ക്ക് പുറമേ, സെമി ഫൈനലിസ്റ്റുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്ന് ടീമുകള്‍ക്കും സമ്മാനത്തുകയുണ്ട്. ഇതനുസരിച്ച് ഇന്ത്യക്കുമുണ്ട് പ്രൈസ്മണി. സെമി ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയക്കും വെസ്റ്റ് ഇന്‍ഡീസിനും ഏകദേശം 5.7 കോടി രൂപവെച്ച് കിട്ടും. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്ന് ടീമുകളുടെ റാങ്കിങ് നിര്‍ണയം നടത്തിയിട്ടില്ല. എങ്കിലും നാല് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ നേടിയ ഇന്ത്യ ആറാംസ്ഥാനത്തുണ്ടാവാനാണ് സാധ്യത. അങ്ങനെ വന്നാല്‍ 2.25 കോടി രൂപ ഇന്ത്യന്‍ ടീമിനുമുണ്ടാകും. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് ടീമുകള്‍ക്കും ഇതേ സംഖ്യയാണ് നല്‍കുക.
Content Highlights: icc womens t20 world cup 2024 prize money