ഹരിയാണ മുഖ്യന്റെ ഹെലികോപ്റ്റർ പാർക്കിങ് സ്റ്റേഡിയത്തിൽ; കായികതാരങ്ങളുടെ പരിശീലനം മുടങ്ങി

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/anitaahuja121/
Photo: x.com/anitaahuja121/

ഗുരുഗ്രാം: രാജ്യത്തെ വിവിധയിടങ്ങളിൽ വിഐപി സംസ്‌കാരത്തിൽ പൊറുതിമുട്ടുകയാണ് ജനങ്ങൾ. ഇപ്പോഴിതാ ഗുരുഗ്രാമിലെ തൗ ദേവി ലാൽ സ്റ്റേഡിയത്തിൽ ഹരിയാണ മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെ ഹെലികോപ്റ്റർ പാർക്ക് ചെയ്തതിനെ തുടർന്ന് നാല് ദിവസത്തോളമാണ് കായികതാരങ്ങൾക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടത്.

മൂന്ന് ദിവസത്തെ സിംഗപ്പുർ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് ചണ്ഡിഗഡിലേക്ക് പോകാനാണ് ഹെലികോപ്റ്റർ ഇവിടെ സജ്ജമാക്കിയത്. നിലവിൽ ഗുരുഗ്രാമിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഹെലിപാഡ് ലഭ്യമല്ലാത്തതും ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ പാർക്ക് ചെയ്താൽ അധിക തുക നൽകേണ്ടി വരുമെന്നതുമാണ് സ്റ്റേഡിയം ഉപയോഗിക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടിയത്.

സ്റ്റേഡിയത്തിലേക്ക് താരങ്ങൾക്ക് പ്രവേശനം നിഷേധിച്ച സംഭവം ജില്ലാ സ്‌പോർട്‌സ് ഓഫീസർ ചൂണ്ടിക്കാണിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടാൽ സ്റ്റേഡിയം നൽകുകയല്ലാതെ മറ്റ് വഴികളില്ലെന്നായിരുന്നു ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി (ജിഎംഡിഎ) സ്റ്റേഡിയം കോംപ്ലക്‌സ് മാനേജറുടെ പ്രതികരണം.

അതേസമയം സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ സ്റ്റേഡിയത്തിൽ നിർത്തിയിടേണ്ടി വന്നതെന്നാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അവകാശപ്പെടുന്നത്. എന്നാൽ വിഐപി യാത്രകൾക്കായി മാസത്തിൽ ശരാശരി രണ്ട് ദിവസത്തോളം സ്റ്റേഡിയം അടച്ചിടാറുണ്ടെന്ന് പ്രദേശവാസികളായ കായികതാരങ്ങളും പരിശീലകരും വ്യക്തമാക്കുന്നു.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ 85 മെഡലുകളിൽ 32 എണ്ണവും (14 സ്വർണം, 9 വെള്ളി, 9 വെങ്കലം) നേടി രാജ്യത്തിന്റെ കായിക ഭൂപടത്തിൽ മുൻനിരയിൽ നിൽക്കുന്ന ഹരിയാണയിലാണ് കായികതാരങ്ങൾക്ക് ഈ ദുരനുഭവം നേരിടേണ്ടി വരുന്നത്. ആകെ മെഡൽ നേടിയ 207 ഇന്ത്യൻ കായികതാരങ്ങളിൽ 45 പേരും ഹരിയാനയിൽ നിന്നുള്ളവരായിരുന്നു.

Content Highlights: Haryana CM Nayab Singh Saini's helicopter was parked at Tau Devi Lal Stadium in Gurugram., Athletes were denied entry to the stadium for four days, disrupting their training., Authorities cited the lack of a civil aviation helipad and high parking costs at Delhi airport., Locals and coaches report that the stadium is routinely closed for VIP movements.