'അടുത്ത ബോള്‍ട്ടോ ?'; വേഗം കൊണ്ട് ഞെട്ടിച്ച് പതിനാറുകാരന്‍ | VIDEO

Photo:x.com/@TheCartelDel
Photo:x.com/@TheCartelDel

ക്വീന്‍സ്‌ലാന്‍ഡ്: ഉസൈന്‍ ബോള്‍ട്ട്, ടൈസണ്‍ ഗേ,ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, യൊഹാന്‍ ബ്ലേക്ക് എന്നിങ്ങനെ വേഗം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചവര്‍ നിരവധിയാണ്. ലോകവേദികളില്‍ എത്രയോവട്ടം തിളങ്ങിയവര്‍. ഈ വേഗരാജക്കാന്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കുമോയെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഒരുപതിനാറുകാരന്‍. ഓസ്‌ട്രേലിയയില്‍ നടന്ന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഗൗട്ട് ഗൗട്ട് എന്ന യുവതാരം ഏവരേയും ഞെട്ടിച്ചത്.

ചാമ്പ്യന്‍ഷിപ്പിലെ 100മീറ്റര്‍ ഓട്ടമത്സരത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഗൗട്ട് ഒന്നാമതെത്തിയത്. 10.2 സെക്കന്‍ഡുകളിലാണ് താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. ആദ്യത്തെ 40മീറ്റര്‍ ദീരം മാത്രമാണ് കൂടെ ഓടിയവര്‍ക്ക് ഗൗട്ടിന്റെ ഒപ്പമെത്താനായത്. ശേഷിക്കുന്ന 60മീറ്റര്‍ ദൂരം ഗൗട്ടിന്റെ അടുത്തെത്താന്‍പോലും ആര്‍ക്കുമായില്ല. ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ ഓര്‍മിപ്പിക്കുംവിധമായിരുന്നു താരത്തിന്റെ  ഫിനിഷിങ്. 

ഈ ഓട്ടമത്സരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. താരത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. അടുത്ത ബോള്‍ട്ടെന്നും ഗോട്ടെന്നുമൊക്കെ വാഴ്ത്തി പലരും കമന്റിട്ടിട്ടുണ്ട്. 100മീറ്ററില്‍ മാത്രമല്ല 200മീറ്ററിലും ഗൗട്ടിന്റെ പ്രകടനം അദ്ഭുതപ്പെടുത്തുന്നതാണ്. ബ്രിസ്‌ബെയിനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-18 വിഭാഗത്തില്‍ താരം ദേശീയ റെക്കോഡുമിട്ടു. 20.87 സെക്കന്‍ഡിലാണ് ഗൗട്ട് 200മീറ്റര്‍ ഫീനിഷ് ചെയ്തത്. 

Content Highlights: Gout Gout 16 year old sprinter left spectators stunned after running 100 metres