ഗോള്‍ നേടിയാല്‍ കാമുകനെ വിവാഹം ചെയ്യുമെന്ന് പന്തയം; വനിതാ ഹോക്കി ലോകകപ്പിലെ പ്രൊപ്പോസല്‍ വൈറല്‍

ചിലി വനിതാ ഹോക്കി താരം ഫ്രാന്‍സിസ്‌ക ടാലയും കാമുകനും | Photo: screengrab
ചിലി വനിതാ ഹോക്കി താരം ഫ്രാന്‍സിസ്‌ക ടാലയും കാമുകനും | Photo: screengrab

ആംസ്‌റ്റെല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പില്‍ ബുധനാഴ്ച നടന്ന നെതര്‍ലന്‍ഡ്‌സ് - ചിലി മത്സരം ശ്രദ്ധനേടിയത് കളിക്കളത്തിലെ വീറും വാശിയും കൊണ്ടായിരുന്നില്ല. ലോകമെമ്പാടും ആ മത്സരം ചര്‍ച്ച ചെയ്യപ്പെട്ടത് ഫ്രാന്‍സിസ്‌ക ടാല എന്ന ചിലിയന്‍ താരം നടത്തിയ ഒരു വ്യത്യസ്ത വിവാഹാഭ്യര്‍ഥനയുടെ പേരിലായിരുന്നു.

മത്സരം ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് നിലവിലെ ജേതാക്കളായ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കിയെങ്കിലും കാണികളുടെ മനംകവര്‍ന്നത് ടാലയും അവളുടെ ടീമുമായിരുന്നു.

കരുത്തരായ നെതര്‍ലന്‍ഡ്‌സുമായുള്ള മത്സരത്തിനു മുമ്പ് സ്വന്തം ടീം അംഗങ്ങളോട് ഒരു പന്തയംവെച്ചാണ് ഫ്രാന്‍സിസ്‌ക ടാല കളത്തിലിറങ്ങിയത്. മത്സരത്തില്‍ ഗോള്‍നേടിയാല്‍ തന്റെ കാമുകനെ വിവാഹം ചെയ്യുമെന്നായിരുന്നു അത്.

മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ചിലിയുടെ ഏക ഗോള്‍ നേടിയ ടാല, മത്സര ശേഷം കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. സാന്തിയാഗോ സ്വദേശിയായ ടാല, അവിടത്തെ അറിയപ്പെടുന്ന ഡോക്ടര്‍ കൂടിയാണ്. കാമുകനോട് വിവാഹാഭ്യാര്‍ഥന നടത്തുന്ന ടാലയുടെയും ഇതിനായി ഗാലറി കടന്നെത്തുന്ന കാമുകന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: fih Women s Hockey World Cup Chilean player proposes to boyfriend