സര്‍ഫറാസ് ഖാനെ തഴഞ്ഞതില്‍ വര്‍ഗീയത ആരോപിച്ച് കോണ്‍ഗ്രസ്, വിമര്‍ശിച്ച് ബിജെപി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരക്കുള്ള ഇന്ത്യ എ ടീമില്‍ നിന്ന് ഒഴിവാക്കിയതിൽ രാഷ്ട്രീയ വിവാദം. താരത്തെ ടീമില്‍ പരിഗണിക്കാത്തതിന് പിന്നിൽ പക്ഷപാതിത്വം നടന്നിട്ടുണ്ടെന്ന കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിന്റെ പരാമർശമാണ് രാഷ്ട്രീയ വാക്പോരിലേക്ക് നയിച്ചത്.
”സർഫറാസ് ഖാന്റെ കുടുംബപ്പേര് കാരണമാണോ അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തത്! ചോദിക്കുന്നുവെന്നുമാത്രം. ഈ വിഷയത്തിൽ ഗൗതം ഗംഭീറിന്റെ നിലപാട് എന്താണെന്ന് നമുക്കറിയാം.” ഷമാ മുഹമ്മദ് എക്സിൽ കുറിച്ചു.
ഇതോടെ ഷമയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല രംഗത്തെത്തി. കോൺഗ്രസ് ക്രിക്കറ്റിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “ഈ സ്ത്രീക്കും അവരുടെ പാർട്ടിക്കും എന്തോ രോഗമാണ്. രോഹിത് ശർമ്മയെ തടിയൻ എന്ന് വിളിച്ചതിന് ശേഷം, അവരും അവരുടെ പാർട്ടിയും ക്രിക്കറ്റ് ടീമിനെപ്പോലും വർഗീയമായി വിഭജിക്കാൻ ആഗ്രഹിക്കുകയാണോ? രാജ്യം വിഭജിച്ചത് പോരേ? ഇതേ ടീമിൽ മുഹമ്മദ് സിറാജും ഖലീൽ അഹമ്മദും കളിക്കുന്നുണ്ട്! വർഗീയതയുടെയും ജാതിയുടെയും പേരിൽ ഇന്ത്യയെ വിഭജിക്കുന്നത് നിർത്തൂ,” പൂനാവാല എക്സിൽ കുറിച്ചു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്കിടയിലും സർഫറാസ് ഖാനെ ദേശീയ ടീമുകളിൽ നിന്ന് തുടർച്ചയായി ഒഴിവാക്കുന്നതിൽ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കാന്റർബറിയിൽ ഇംഗ്ലണ്ട് ലയൺസിനെതിരെയാണ് സർഫ്രാസ് ഖാൻ അവസാനമായി ഇന്ത്യ എ ടീമിനായി കളിച്ചത്. അന്ന് അദ്ദേഹം 92 റൺസ് നേടിയിരുന്നു. സർഫ്രാസിനെ തിരഞ്ഞെടുക്കാത്തതിൽ ആരാധകരും രാഷ്ട്രീയ നേതാക്കളും നിരാശ പ്രകടിപ്പിച്ചപ്പോൾ പക്ഷപാതപരമായ തീരുമാനമല്ലെന്നും ഫിറ്റ്നസും ടീം സന്തുലനവും പരിഗണിച്ചാണ് ഈ തീരുമാനമെന്നും ബോർഡുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Content Highlights: Congress questions Sarfaraz Khan`s exclusion from India A squad, alleging communal bias. BJP slams attempts to divide cricket along communal lines. Debate over fitness vs. bias continues.