ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ച് കാലിക്കറ്റ് എഫ്.സി.: 1500-ലധികം വിദ്യാർഥികൾ അണിനിരന്നു

#സ്പോർട്സ് ഡെസ്ക്

കോഴിക്കോട്: ലഹരിമുക്ത സമൂഹമെന്ന സന്ദേശമുയർത്തി കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ (സി.എഫ്.സി) നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ജില്ലയിലെ 15 വിദ്യാലയങ്ങളിൽ നിന്നായി 1,500-ലധികം വിദ്യാർഥികളാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായത്.

കോഴിക്കോട് ബീച്ചിലെ സ്റ്റാർബക്സിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. ലഹരിവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളേന്തിയാണ് വിദ്യാർഥികൾ അണിനിരന്നത്. കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ.സദാശിവൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ്, കാലിക്കറ്റ് എഫ്.സി ക്ലബ് സിഇഒ കോരത്ത് മാത്യു, കോഴിക്കോട് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കെ. ഷാജേഷ് കുമാർ, ആസ്റ്റർ മിംസ് സിഒഒ ഡോ. ഗോപിനാഥ് മമ്പള്ളിക്കളം, പികെ സ്റ്റീൽസ് ബ്രാൻഡ് ആൻഡ് ഗ്രോത്ത് മാനേജർ മുഹമ്മദ് ഷെഫീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലഹരിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ യുവാക്കളുടെ ഇത്തരം പങ്കാളിത്തം സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് പറഞ്ഞു. കായികരംഗത്തിന് അച്ചടക്കവും ഒത്തൊരുമയും വളർത്താൻ കഴിയുമെന്നും, ഇത്തരമൊരു സാമൂഹിക വിഷയത്തിൽ ഇടപെട്ട കാലിക്കറ്റ് എഫ്.സിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുട്ബോളിന് കളിക്കളത്തിന് പുറത്തും യുവാക്കളിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് കാലിക്കറ്റ് എഫ്.സി ക്ലബ് സിഇഒ കോരത്ത് മാത്യു പറഞ്ഞു. കായികരംഗത്തെ നെഞ്ചിലേറ്റി ലഹരിയിൽ നിന്ന് അകന്നുനിൽക്കാൻ പുതുതലമുറയെ പ്രേരിപ്പിക്കുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റാലിയിൽ പങ്കെടുത്ത വിദ്യാർഥികളും വിശിഷ്ടാതിഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. റാലിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്ലക്കാർഡ്, ഡ്രാമ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും പങ്കെടുത്ത വിദ്യാലയങ്ങൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികൾക്ക് കാലിക്കറ്റ് എഫ്.സി ഉപഹാരങ്ങൾ നൽകി ആദരിച്ചു. യുവജനങ്ങളുടെ ജീവിതത്തെയും സമൂഹത്തെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ ഫുട്ബോളിലൂടെ ഇടപെടാനുള്ള കാലിക്കറ്റ് എഫ്.സിയുടെ ശ്രമത്തെയാണ് ഈ റാലി പ്രതിഫലിപ്പിക്കുന്നത്.

Content Highlights: Over 1,500 students from 15 schools participated in the anti-drug rally., The event was organized by Calicut Football Club (CFC) at Kozhikode Beach