വാഹനാപകടത്തിൽ ബോക്സർ ആന്റണി ജോഷ്വയ്ക്ക് പരിക്ക്; ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മരിച്ചു

അബുജ: നൈജീരിയൻ ബ്രിട്ടീഷ് ബോക്‌സറും ഹെവിവെയ്റ്റ് മുൻ ലോക ചാമ്പ്യനുമായ ആന്റണി ജോഷ്വയ്ക്ക് കാർ അപകടത്തിൽ പരിക്ക്. അപകടത്തിൽ ജോഷ്വക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ ജോഷ്വയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് മരിച്ചത്. ജോഷ്വയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. നൈജീരിയയിലെ ലാഗോസിന് സമീപം ഒഗൂനിലെ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം.
അമിതവേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വശത്ത് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. വാഹനം അമിത വേഗത്തിലായിരുന്നെന്ന് ഫെഡറൽ റോഡ് സേഫ്റ്റി കോർപ്‌സ് വക്താവ് ഒലൂസെഗുൻ ഒഗുൻബെമിഡെ പ്രസ്താവനയിൽ അറിയിച്ചു. ജോഷ്വയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അപകടം നടന്ന ഹൈവേ നൈജീരിയയിലെ ഏറ്റവും അപകടകരമായ റോഡായാണ് കണക്കാക്കുന്നത്. പ്രാദേശിക മാധ്യമ റിപ്പോർട്ടുകളനുസരിച്ച്, 27 മാസത്തിനിടെ 600-ലധികം മരണങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.
ജോഷ്വയുടെ മാതാപിതാക്കളുടെ ജന്മദേശമാണ് നൈജീരിയ. ബോക്‌സിങ്ങിലെ നാല് പ്രധാന ലോക ചാമ്പ്യൻഷിപ്പ് ബെൽറ്റുകളിൽ മൂന്നെണ്ണം നേടിയ താരമാണ് ജോഷ്വ. കൂടാതെ 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ ഗ്രേറ്റ് ബ്രിട്ടനായി മത്സരിച്ചപ്പോൾ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയിരുന്നു.
Content Highlights: Anthony Joshua Involved in Fatal Car Crash in Nigeria, Escapes with Minor Injuries