ദേശീയ ഗെയിംസില്‍ തെയ്ക്വാന്‍ഡോയില്‍ കേരളത്തിന് സ്വര്‍ണം; അത്‌ലറ്റിക്‌സില്‍ മൂന്നുവെങ്കലം

തെയ്ക്വാന്‍ഡോയില്‍ സ്വര്‍ണം നേടിയ മാര്‍ഗരറ്റ് മരിയ റെജി, പോള്‍വാള്‍ട്ടില്‍ വെങ്കലം നേടിയ മരിയ ജോണ്‍സണ്‍, ലോങ്ജംപില്‍ വെങ്കലം നേടിയ സി.വി.അനുരാഗ് | Photo: instagram.com/keralaolympic
തെയ്ക്വാന്‍ഡോയില്‍ സ്വര്‍ണം നേടിയ മാര്‍ഗരറ്റ് മരിയ റെജി, പോള്‍വാള്‍ട്ടില്‍ വെങ്കലം നേടിയ മരിയ ജോണ്‍സണ്‍, ലോങ്ജംപില്‍ വെങ്കലം നേടിയ സി.വി.അനുരാഗ് | Photo: instagram.com/keralaolympic

ഹല്‍ദ്വാനി: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസില്‍ ശനിയാഴ്ചയും കേരളത്തിന് സ്വര്‍ണം. വനിതകളുടെ തെയ്ക്വാന്‍ഡോയില്‍ (67 കിലോ വിഭാഗം) കേരളത്തിന്റെ മാര്‍ഗരറ്റ് മരിയ റെജിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതിനുപുറമേ ഏഴു വെങ്കലവും കേരളം നേടി. 

അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ ആദ്യദിവസം തന്നെ കേരളത്തിന് മെഡല്‍ നേടാനായി. പുരുഷന്മാരുടെ ലോങ്ജംപില്‍ വെങ്കലം സ്വന്തമാക്കി സി.വി.അനുരാഗ് ആണ് അത്‌ലറ്റിക്‌സില്‍ കേരളത്തിനായി ആദ്യ മെഡല്‍ നേടിയത്. വനിതകളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജോണ്‍സണും പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ അലക്‌സ് പി. തങ്കച്ചനും കേരളത്തിനായി വെങ്കലം നേടി. 

തയ്ക്വാന്‍ഡോയില്‍ ബി.ശ്രീജിത്ത്(63 കിലോയ്ക്ക് താഴെ), മനു ജോര്‍ജ്(80 കിലോ) എന്നിവരും വനിതാവിഭാഗത്തില്‍ ശിവാങ്കി ചനംബവും(53 കിലോയ്ക്ക് താഴെ) കേരളത്തിനായി വെങ്കലം നേടി. തെയ്ക്വാന്‍ഡോ ഗ്രൂപ്പ് വിഭാഗത്തിലും കേരളം വെങ്കലം സ്വന്തമാക്കി. കര്‍ണിക, സെബ, ലയ ഫാത്തിമ എന്നിവരടങ്ങിയ ടീമാണ് മെഡല്‍ നേടിയത്. 
 

Content Highlights: 38th national games 2025: kerala wins one more gold