മെസ്സിയുടെ ജഴ്സിയണിഞ്ഞ് ന്യൂയോർക്കിൽ ജയ്സ്വാൾ; ഫ്രാൻസ്-സ്വീഡൻ മത്സരം കാണാൻ ഗാലറിയിൽ | വീഡിയോ

ന്യൂയോർക്ക്: ക്രിക്കറ്റിൽനിന്ന് ലഭിച്ച ഇടവേള ഫിഫ ലോകകപ്പ് നേരിൽക്കാണാൻ ഉപയോഗപ്പെടുത്തി യുവതാരം യശസ്വി ജയ്‌സ്വാൾ. ഫ്രാൻസും സ്വീഡനും തമ്മിലുള്ള നോക്കൗട്ട് മത്സരം കാണാൻ ജയ്‌സ്വാൾ ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെത്തി. അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ ജഴ്‌സിയണിഞ്ഞാണ് താരം ഗാലറിയിലെത്തിയത്.
ബക്കറ്റ് ലിസ്റ്റ് എന്ന് തലക്കെട്ട് നൽകി ഇതിന്റെ വീഡിയോ ജയ്‌സ്വാൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
നിലവിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ജയ്‌സ്വാളില്ല. ഏകദിനത്തിൽ സീനിയർ താരം രോഹിത് ശർമയെ ഉൾപ്പെടുത്തിയതോടെയാണ് ജയ്‌സ്വാൾ പുറത്തായത്. ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ താരം ഉൾപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.