ഫൗൾ ഒന്ന്, വിധി രണ്ട്; 'വാറി'ൽ ഈജിപ്തിനെ വീഴ്ത്തിയത് ‘ഫിഫന്റീന’യോ?

#പി. മുരളീധരൻ
റഫറി ഫ്രാങ്സ്വാ ലറ്റക്സീയയുമായി തർക്കിക്കുന്ന ഈജിപ്ത് താരങ്ങൾ | Photo: AP
റഫറി ഫ്രാങ്സ്വാ ലറ്റക്സീയയുമായി തർക്കിക്കുന്ന ഈജിപ്ത് താരങ്ങൾ | Photo: AP

ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ജൂലായ് എട്ടിന് ലോകചാമ്പ്യൻമാരായ അർജന്റീനയും ഈജിപ്തും തമ്മിൽ അറ്റ്ലാന്റയിൽ നടന്ന മത്സരം. റെഗുലേഷൻ ടൈം തീരാൻ പന്ത്രണ്ടു മിനിട്ടു മാത്രം ബാക്കിയുള്ളപ്പോൾ അർജന്റീന എതിരില്ലാത്ത രണ്ടു ഗോളിനു പിന്നിൽ. രണ്ടാം ഗോൾ വീണപ്പോൾ 'എന്നെ ശിക്ഷിക്കുകയാണോ ദൈവമേ' എന്നു ചോദിക്കുന്ന പോലെ (ആദ്യപകുതിയിൽ കിട്ടിയ പെനാൽറ്റി ഗോളാക്കാൻ അദ്ദേഹത്തിനായില്ല) ദു:ഖിതനായി ആകാശത്തേക്കു നോക്കിയ മെസ്സിയെപ്പോലെ ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ കണ്ണീരോടെ പ്രാർത്ഥിച്ചു, 'ഒരു അത്ഭുതം പ്രവർത്തിക്കണേ' എന്ന്. അത് സംഭവിച്ചു!

25 മിനിറ്റുകൾക്കകം കളി തിരിഞ്ഞു. നിരന്തരം കടന്നാക്രമിച്ച അർജന്റീന ക്രിസ്റ്റ്യൻ റൊമേറോയിലൂടെ ഒരു ഗോൾ മടക്കി ടീമിന് പ്രതീക്ഷയുടെ ജാലകം തുറന്നു. അധികം വൈകാതെ മെസ്സി സമനില പിടിച്ചു. പിന്നാലെ, എൻസോ ഫെർണാണ്ടസ് വിജയഗോൾ നേടി. ഫൈനൽ സ്‌കോർ: അർജന്റീന 3, ഈജിപ്ത് 2. അർജന്റീന ക്വാർട്ടറിൽ. ഈജിപ്ത് പുറത്ത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നായി ഓർമ്മിക്കപ്പെടേണ്ടിയിരുന്ന ഈ മത്സരം ഇന്ന് ചർച്ചയാകുന്നത് ഫ്രഞ്ചുകാരനായ റഫറി ഫ്രാങ്സ്വാ ലറ്റക്സീയയുടെ പക്ഷപാതിത്വത്തിന്റെ പേരിലാണ്. ഈജിപ്ഷ്യൻ ടീമിന്റെ കോച്ച് ഹൊസാം ഹസ്സൻ ഫിഫ തങ്ങളെ 'കൊള്ളയടിച്ചു' എന്ന് പരസ്യമായി പ്രഖ്യാപിച്ച് പത്രസമ്മേളനം ബഹിഷ്‌കരിച്ചു.

ഇങ്ങനെ വഴിവിട്ട് സഹായിക്കുന്നതിനു പകരം അർജന്റീനയ്ക്ക് ലോകകപ്പ് ഇപ്പോഴേ കൊടുത്തു വിട്ടുകൂടേ എന്ന് ഈജിപ്ഷ്യൻ ആരാധകർ ചോദിക്കുന്നു. 2022-ലെ ഖത്തർ ലോകകപ്പിൽ സംഭവിച്ചതിന്റെ ആവർത്തനമാണ് ഇക്കുറി അമേരിക്കയിൽ അരങ്ങേറുന്നതെന്ന് ഫിഫയുടെ വിമർശകർ പറയുന്നു. മെസ്സിക്ക് കപ്പു കൊടുക്കാനായി മത്സരഫലങ്ങൾ അട്ടിമറിച്ചെന്ന് ആരോപിച്ച വിമർശകരും മെസ്സി വിരുദ്ധരും 'ഫിഫന്റീന' എന്ന് പേരിട്ട് ഫിഫയെ പരിഹസിച്ചിരുന്നു.

റഫറി ഫ്രാങ്സ്വാ ലറ്റക്സീയയുമായി തർക്കിക്കുന്ന ഈജിപ്ത് കോച്ച് ഹൊസേം ഹസ്സൻ | Photo: AFP

ഏകപക്ഷീയമായ തീരുമാനങ്ങൾ

കളിയുടെ 58-ാം മിനിറ്റിൽ ഈജിപ്തിന്റെ മധ്യനിര താരം മുസ്തഫ സിക്കോ അതിവേഗ പ്രത്യാക്രമണത്തിലൂടെ മനോഹരമായ ഒരു ഗോൾ നേടി. സ്‌കോർ: 2-0. മെസ്സിയും കൂട്ടരും 'വാർ' ആവശ്യപ്പെട്ടു. റഫറി വഴങ്ങി. വീഡിയോ റീപ്ലേയിൽ ഗോളിലേക്ക് നയിച്ച നീക്കത്തിന് തൊട്ടുമുമ്പ് ഈജിപ്ഷ്യൻ പ്രതിരോധതാരം മർവാൻ ആതിയ സ്വന്തം ഹാഫിൽവെച്ച് അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസിനെ ഫൗൾ ചെയ്തതായി കണ്ടു. റഫറി ഗോൾ റദ്ദാക്കി. നിയമപ്രകാരം നടപടിയിൽ തെറ്റില്ല. ആക്രമണ ഘട്ടത്തിലുണ്ടാകുന്ന ഫൗൾ അതിന് ശേഷമുണ്ടാകുന്ന ഗോളിനെ റദ്ദാക്കാൻ പര്യാപ്തമാണെന്ന് ഫിഫ പക്ഷക്കാർ പറയുന്നു. പക്ഷേ, ഗോൾ വീഴുന്നതിന് ഏകദേശം 30 സെക്കൻഡുകൾക്ക് മുമ്പ്, ആ നീക്കത്തിന്റെ തുടക്കത്തിലായിരുന്നു ഫൗൾ. അതിനാൽ ഗോൾ റദ്ദാക്കിയത് തെറ്റാണെന്നു വാദിക്കുന്നവരുമുണ്ട്.

ലോകോത്തര ഫുട്ബോൾ പരിശീലകൻ ജോസെ മൗറീന്യോ മത്സരത്തെ 'പകൽക്കൊള്ള' എന്ന് വിശേഷിപ്പിച്ചു. 'ഫുട്ബോളിന് വന്നുകൊണ്ടിരിക്കുന്ന മാറ്റം ലജ്ജാകരമാണ്. നിങ്ങൾ എങ്ങനെയാണ് കളി തുടരാൻ അനുവദിക്കുകയും ഗോൾ അടിക്കാൻ വിടുകയും ചെയ്ത ശേഷം പിന്നോട്ട് അത് റദ്ദാക്കാൻ തീരുമാനിക്കുന്നത്? ഫൗൾ ഉണ്ടായെങ്കിൽ അപ്പോൾത്തന്നെ കളി നിർത്തണമായിരുന്നു. ഗോൾ അടിക്കുന്നത് വരെ കാത്തിരിക്കരുത്.' അദ്ദേഹം വ്യക്തമാക്കി.

മറ്റേതെങ്കിലും ടീമിനെതിരെയായിരുന്നു ഈ ഗോളെങ്കിൽ ഇത് തീർച്ചയായും അനുവദിക്കപ്പെടുമായിരുന്നു എന്ന് ഉറപ്പുണ്ടെന്ന് വിഖ്യാത ഇംഗ്ലീഷ് ഫുട്ബോൾ താരം ജാമി കാരഗർ പറഞ്ഞു. പ്രീമിയർ ലീഗിലോ ലാ ലിഗയിലോ സീരി എയിലോ ആണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ, വാർ പരിശോധനയ്ക്ക് ശേഷവും ഗോളായി നിലനിർത്തുമായിരുന്നുവെന്നും ടൂർണമെന്റിൽ ഉടനീളം ഇത്തരം വൈരുദ്ധ്യങ്ങൾ ഉണ്ടായതായും കാരഗർ പറഞ്ഞു.

മുൻ പ്രീമിയർ ലീഗ് റഫറി മാർക്ക് ക്ലാറ്റൻബർഗിനെപ്പോലെ ഈജിപ്ഷ്യൻ കളിക്കാരൻ ചെയ്തത് ഫൗൾ പോലുമല്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. 'അർജന്റീന-ഈജിപ്ത് മത്സരത്തിൽ കണ്ടതുപോലെ, തങ്ങൾക്ക് തോന്നുമ്പോഴും തങ്ങൾക്ക് താല്പര്യമുള്ള രീതിയിലുമാണ് വാർ ഉപയോഗിക്കുന്നതെങ്കിൽ ഈ ലോകകപ്പ് കൊണ്ട് ഒരു കാര്യവുമില്ല. ടൂർണമെന്റിന്റെ സുതാര്യതയെയും വിശ്വാസ്യതയെയും ഇനി ആർക്കും വിശ്വസിക്കാൻ കഴിയില്ല.' എക്സിൽ ഒരു ഫുട്ബോൾ പ്രേമി എഴുതി.

അതുപോലെ, ലോകോത്തര ഈജിപ്ഷ്യൻ ഫോർവേഡ് മുഹമ്മദ് സലായെ പെനൽറ്റി ബോക്സിൽ ചവിട്ടിവീഴ്ത്തിയതിന് ഫൗൾ വിളിക്കാത്തതും വിമർശിക്കപ്പെടുകയാണ്. അർജന്റീനയുടെ കാര്യത്തിൽ ചെയ്തതുപോലെ വാറിനു വിട്ട് ഫൗൾ പരിശോധിക്കാതെ റഫറി കളി തുടരാനനുവദിച്ചു. ബോക്സിനുള്ളിൽവെച്ച് അലക്സിസ് മക്കാലിസ്റ്റർ ഹംദി ഫത്തിയെ ജേഴ്‌സിയിൽ പിടിച്ച് വലിച്ചതിന് ഈജിപ്ത് പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും അവഗണിച്ചു. തുടർന്നായിരുന്നു എൻസോ ഫെർണാണ്ടസിന്റെ നിർണ്ണായക ഗോൾ. നിരാശരായ ഈജിപ്ത് ബെഞ്ചിനു നിയന്ത്രണം വിട്ടതോടെ റഫറി ഈജിപ്ഷ്യൻ ഗോൾകീപ്പർ ഷൊബീർ, ഫത്തി, ആതിയ എന്നിവർക്കും കോച്ച് ഹൊസാം ഹസ്സനും മഞ്ഞക്കാർഡ് കാട്ടി.

കളിയുടെ 19-ാം മിനിട്ടിൽ ഈജിപ്ഷ്യൻ ഫോർവേഡ് ഹൈസം ഹസ്സൻ അവിദഗ്ധമായ ടാക്ലിംഗിലൂടെ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ വീഴ്ത്തിയതിന് റഫറി അർജന്റീനക്ക് പെനൽറ്റി അനുവദിച്ചു (അത് മെസ്സി പാഴാക്കി.) ഈ തീരുമാനം പൂർണ്ണമായും തെറ്റാണെന്ന് ഈജിപ്തിന് അഭിപ്രായമില്ല. അർജന്റീനയ്ക്ക് പെനൽറ്റി നൽകാൻ വേണ്ടി കളിക്കാർ തമ്മിലുള്ള ചെറിയ ശാരീരിക സമ്പർക്കം പോലും ഫൗൾ ആയി കണക്കാക്കിയ റഫറി മറുഭാഗത്തെ ബോക്സിനുള്ളിൽ മുഹമ്മദ് സലായും ഹംദി ഫത്തിയും വീഴ്ത്തപ്പെട്ടപ്പോഴും അതേ കർശന മാനദണ്ഡം നടപ്പാക്കേണ്ടതായിരുന്നു എന്ന് അവർ പറയുന്നു.

നേരത്തേ ഈജിപ്ത് കളിക്കാരന്റെ മുഖത്തടിച്ചതടക്കമുള്ള അർജന്റൈൻ ഫൗളുകളിൽ റഫറി നിസ്സംഗത പാലിച്ചുവെന്നും എതിരാളികൾ ചൂണ്ടിക്കാണിക്കുന്നു. അർജന്റീനയുടെ ഗോൾ ആഘോഷത്തിനിടയിൽ വംശീയമായ അധിക്ഷേപങ്ങൾ ഉണ്ടായെന്ന് കാണിക്കാൻ പരിശീലകനായ ഹസ്സൻ കൈകൾ 'ക്രോസ്്' രൂപത്തിൽ പിണച്ചു കാണിച്ചതും റഫറി അവഗണിച്ചു. സ്റ്റേഡിയത്തിൽ കാണികളുടെ ഭാഗത്തുനിന്നും വളരെ മോശം പെരുമാറ്റം ഉണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്്. അതൊന്നും അധികൃതർ കണ്ടില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മുഹമ്മദ് സലായുടെയും കോച്ചിന്റയും മുഖഭാവങ്ങളിൽ വ്യക്തമായിരുന്നു, അനിവാര്യമായ മത്സരഫലത്തിന് കീഴടങ്ങുകയാണെന്ന്!

തങ്ങളുടെ രണ്ടാം ഗോൾ അകാരണമായാണ് റദ്ദാക്കിയതെന്ന് ഈജിപ്ത് കോച്ച് ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരെ ടൂർണമെന്റിൽ നിലനിർത്താനാണോ ശ്രമിക്കുന്നതെന്ന് ചോദിച്ച ഹസ്സൻ ഇനിയുള്ള ലോകകപ്പ് മത്സരങ്ങളൊന്നും കാണില്ലെന്നും വ്യക്തമാക്കി. തങ്ങളുടെ അവസാനമത്സരത്തിന് നാലു ദിവസത്തിന് ശേഷം ഉച്ചയ്ക്ക് കളി നിശ്ചയിച്ച ഫിഫയുടെ ഷെഡ്യൂളിങ്ങിനെയും അദ്ദേഹം വിമർശിച്ചു. എന്തായാലും അർജന്റീനയെ ജയിപ്പിക്കാൻ 'ഒത്തുകളി' നടന്നു എന്ന ആരോപണം ഈജിപ്ഷ്യൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഫോണിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് ചുവപ്പുകാർഡു കണ്ട യുഎസ താരം ഫോളാരിൻ ബലോഗണിനെ ഫിഫ കളിക്കാൻ അനുവദിച്ചതുമായി അവർ ഇതിനെ താരതമ്യം ചെയ്യുന്നു.

2022 ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ജതാക്കളായപ്പോൾ കപ്പിൽ മുത്തമിടുന്ന അർജന്റീന നായകൻ ലയണൽ മെസ്സി | Photo: AFP

ഖത്തറിലെ പെനാൽറ്റികൾ

ഇപ്പോൾ അമേരിക്കയിൽ നടക്കുന്ന സംഭവങ്ങളെ 2022-ലെ ഖത്തർ ലോകകപ്പുമായി ചേർത്തു വായിക്കുന്നവരുണ്ട്. ലയണൽ മെസ്സിയെ എക്കാലത്തെയും മികച്ച താരമായി (ഗോട്ട്) വാഴിക്കാൻ ഫിഫ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു ടൂർണമെന്റെന്ന് എതിർ ടീമുകളുടെ ആരാധകരും വിമർശകരും ആരോപിച്ചു. ഈ ഒത്തുകളി ആരോപണങ്ങളുടെ പ്രധാന കേന്ദ്രം അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റികളായിരുന്നു-ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണം, ഫ്രാൻസിനെതിരായ ഫൈനലിലേതടക്കം. മുമ്പൊരു ലോകകപ്പിലും ഇത്രയും പെനാൽറ്റികൾ ഒരു ടീമിന് കിട്ടിയിട്ടില്ല. ഇതിൽ നാലെണ്ണം മെസ്സി ഗോളാക്കി.

പല പെനാൽറ്റികളും നിസ്സാരകാരണങ്ങളുടെ പേരിൽ റഫറിമാർ അർജന്റീനയ്ക്ക് സമ്മാനിക്കുകയായിരുന്നുവെന്ന് വിമർശകർ. പോളണ്ട് ഗോൾകീപ്പറുടെ കൈ മെസ്സിയുടെ മുഖത്ത് നേരിയതായി തട്ടിയതിന് നൽകിയ പെനാൽറ്റിയും സെമിഫൈനലിൽ ക്രൊയേഷ്യൻ കീപ്പർ ഡൊമിനിക് ലിവാകോവിച്ചും ജൂലിയൻ അൽവാരസും തമ്മിലുള്ള ഒഴിവാക്കാനാകാത്ത കൂട്ടിയടിയെ ഫൗൾ ആയി കണക്കാക്കിയതുമെല്ലാം കടുത്ത തർക്കങ്ങൾക്ക് വഴിവെച്ചു. ഈ തീരുമാനങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും 'ഒത്തുകളി ലോകകപ്പ്' എന്ന പ്രചാരണത്തിന് ആക്കം കൂട്ടി.

ഈ ലോകകപ്പിൽ അർജന്റീനയോടു ഫിഫ പക്ഷപാതം കാട്ടുന്നുവെന്ന ആരോപണം ഈജിപ്തിനെതിരായ മാച്ചിൽ മാത്രമല്ല ഉണ്ടായിട്ടുള്ളത്. ഓസ്ട്രിയക്കും അൾജീരിയക്കും എതിരായ ഗ്രൂപ്പ് മത്സരങ്ങളിലും റഫറി പക്ഷം ചേർന്നതായി എതിർടീമുകൾ പറയുന്നു. ഓസ്ട്രിയൻ താരം സേവർ ഷ്ലാഗറെ മക്കാലിസ്റ്റർ പുറകിൽനിന്ന് വീഴ്ത്തിയിട്ടും ഫൗൾ വിളിച്ചില്ല. ഓസ്ട്രിയൻ കളിക്കാരുടെ പ്രതിഷേധം അവഗണിച്ച് കളി തുടരാൻ റഫറി അനുവദിച്ചു, പിന്നാലെ, ലയണൽ മെസ്സി ഗോൾ നേടി. അർജന്റീനയോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റതിന് പിന്നാലെ അൾജീരിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയ്ക്ക് പരാതി നൽകി. ഒന്നാം പകുതിയിൽ അപകടകരമായ ഫൗൾ ചെയ്ത മെസ്സിയെ ശിക്ഷിക്കാത്തതും രണ്ടാം പകുതിയിൽ ഇബ്രാഹിം മാസയെ മക്കാലിസ്റ്റർ ബോക്സിനുള്ളിൽ വീഴ്ത്തിയിട്ടും പെനാൽറ്റി നൽകാതിരുന്നതുമാണ് പരാതിക്ക് കാരണമായത്.

റഫറിയിങ്ങിലെ വീഴ്ചകളെല്ലാം ആസൂത്രിത ഗൂഢാലോചനയാണെന്ന് ആരോപിക്കുക സാങ്കേതികമായി എളുപ്പമല്ല. സിക്കോയുടെ ഗോൾ റദ്ദാക്കിയ തീരുമാനം വാർ പ്രോട്ടോക്കോൾ പ്രകാരം ശരിയാണെന്ന് ഫോക്സ് സ്പോർട്സ് വിദഗ്ധൻ ജോ മാക്നിക്കും വിശകലന വിദഗ്ധൻ അലി എൽ ഗർനിയും അഭിപ്രായപ്പെട്ടു. കൊള്ളയടിക്കപ്പെട്ടു എന്നു പറയുന്നത് കടുപ്പമാണ്, 50-50 സാഹചര്യങ്ങളിലെല്ലാം അർജന്റീനയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായി എന്നു മാത്രമേ പറയാനാവൂ എന്ന് എൽ ഗർനി.

ഒത്തുകളിയിലൂടെ ഷൂട്ടൗട്ടുകളുടെ ഫലം നിശ്ചയിക്കാനാവില്ലെന്ന് ഒരുവിഭാഗം വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഖത്തറിൽ നെദർലൻഡ്സിനെതിരായ ക്വാർട്ടർ ഫൈനലും ഫ്രാൻസിനെതിരായ ഫൈനലും അർജന്റീന ജയിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിലാണ്. നേരിട്ട ഒമ്പതു പെനാൽറ്റികളിൽ മൂന്നെണ്ണം സേവ് ചെയ്ത ഗോളി എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ വീരനായകനായി.

അവസാന നിമിഷങ്ങളിൽ അർജന്റീന കെട്ടഴിച്ച കളിയും ഒന്നു കാണേണ്ടതായിരുന്നു. മുറിവേറ്റ പുലിക്കുട്ടികളെപ്പോലെ അവർ ഈജിപ്തിന്റെ കോട്ട കടന്നാക്രമിച്ചു. രണ്ടുഗോളിന്റെ ലീഡുണ്ടായിട്ടും പിടിച്ചുനിൽക്കാൻ ഈജിപ്തിനായില്ല. പരാതികളും ആരോപണങ്ങളും മാറ്റിവെച്ചാൽ, ഫുട്ബോളിലെ വൻശക്തികളുടെ മാനസികമായ മുൻതൂക്കത്തിന്റെയും അവസരമൊത്ത് തന്ത്രങ്ങൾ മാറ്റാനുള്ള കഴിവിന്റെയും കൂടി ദൃഷ്ടാന്തമായിരുന്നു ഈ മത്സരം.

അർജന്റീനയ്ക്കായിരുന്നു രണ്ടു ഗോൾ ലീഡെങ്കിൽ അവസാനത്തെ പത്തുമിനിട്ടിൽ അവരെ പിടിച്ചുകെട്ടാനാവില്ലെന്ന് മിക്കവാറും ഉറപ്പാണ്. ഇത്തരം സമ്മർദ്ദ സാഹചര്യങ്ങളെ നിരവധി തവണ നേരിട്ട പരിചയമുണ്ടവർക്ക്. പക്ഷേ, ലീഡ് സംരക്ഷിക്കാൻ ആഫ്രിക്കൻ ടീമിനായില്ല. ആദ്യഗോൾ തിരിച്ചടിച്ചതോടെ കളിയുടെ വോൾട്ടേജ് മാറി. ആവേശത്തോടെ ഇരമ്പിക്കയറിയ അർജന്റൈൻ പോരാളികളെ തടുത്തുനിർത്താൻ ഏതു ടീമും വെള്ളം കുടിക്കുമായിരുന്നു!

പിഴവറ്റ തീരുമാനങ്ങളുള്ള ഒരു കളിയുമുണ്ടാവില്ല. അത് കളിക്കാർക്കും കളി കാണുന്നവർക്കും മനസ്സിലാവും. എന്നാൽ, സമാനമായ പിഴവുകൾ ആവർത്തിക്കുകയും അതിന്റെ മെച്ചം ഒരു കൂട്ടർക്കു മാത്രമാവുകയും ചെയ്യുമ്പോൾ അത് മനപ്പൂർവമാണെന്ന തോന്നലുണ്ടാവുക സ്വാഭാവികമാണ്. അപ്പോൾ അവർ ഒരുപക്ഷേ, പരസ്പരം ബന്ധമില്ലാത്ത മുൻകാല സംഭവങ്ങളൊക്കെ ഒരേ ചരടിൽ കൊരുത്തുകെട്ടും, സ്വന്തമായ നിഗമനങ്ങളിലെത്തും. തങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കുക (കൺഫർമേഷൻ ബയസ്) മനുഷ്യസ്വഭാവമാണ്. ഫിഫ അതിന് ഇടവരുത്തരുതായിരുന്നു.

അർജന്റീന കളി ജയിച്ചു, അത് തിരുത്താനാവില്ല, 'ട്രംപ് കാർഡ്' കിട്ടിയ അമേരിക്കൻ താരം ബലോഗൺ കളിക്കാനിറങ്ങിയതു പോലെ. പക്ഷേ, ഫിഫയുടെ സത്യസന്ധതയിൽ വിശ്വാസമർപ്പിച്ച് കളി കാണാനിരിക്കുന്ന ജനകോടികൾക്ക് എല്ലാം ഒത്തുകളിയണെന്ന തോന്നലുണ്ടായാൽ അത് ബാധിക്കുക ഏറ്റവും മനോഹരമായ കായികവിനോദത്തെയാണ്. ഫിഫ സംശയത്തിനതീതമായി പ്രവർത്തിക്കുന്ന ഒരു കിണാശ്ശേരി എന്നെങ്കിലും ഉണ്ടായെങ്കിൽ!

Content Highlights: Argentina secured a 3-2 comeback victory over Egypt in the 2026 World Cup., Controversial VAR intervention led to the cancellation of Egypt's second goal., Egypt coach Hossam Hassan publicly accused FIFA of bias and match-fixing., Comparison of refereeing standards between Argentina and other teams., The match highlights the ongoing debate over the transparency and consistency of VAR technology.