സുരക്ഷയുടെ കാര്യത്തിൽ ആശങ്ക; ഖത്തറിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ നിന്ന് യുഎസ് പിന്മാറി

ന്യൂയോർക്ക്: മധ്യപൂർവേഷ്യയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിൽ നിന്ന് പിന്മാറി യുഎസ്എ. ടൂർണമെന്റിൽ പങ്കെടുക്കേണ്ട 48 ടീമുകളിൽ ഒന്നായിരുന്ന യുഎസ്എ, മൊണ്ടെനെഗ്രോ, ചിലി, അൾജീരിയ എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരുന്നത്. ടൂർണമെന്റ് ആരംഭിക്കാൻ വെറും ഒരാഴ്ച മാത്രം ശേഷിക്കെയാണ് യുഎസിന്റെ പിന്മാറ്റം.
മധ്യപൂർവേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണികളാണ് ഈ തീരുമാനത്തിന് കാരണം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഖത്തറിലേക്ക് ലെവൽ 3 യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 'ആയുധ സംഘർഷ സാധ്യതയുള്ളതിനാൽ ഖത്തറിലേക്കുള്ള യാത്ര പുനഃപരിശോധിക്കുക' എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശം.
പിന്നാലെ കളിക്കാർക്കും പരിശീലകർക്കും യുഎസ് സോക്കർ അയച്ച ഔദ്യോഗിക കത്തിലാണ് ലോകകപ്പിൽ നിന്നും ലോകകപ്പ് പ്രീ-ക്യാമ്പിൽ നിന്നും പിന്മാറുന്ന കാര്യം അറിയിച്ചത്. കളിക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും, നിലവിലെ യാത്രാ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അലക്സ് അൽഡാസ് പരിശീലകനായ ടീമിൽ മാലിക് ജാകുപോവിച്ച് (ഫിലാഡൽഫിയ യൂണിയൻ), റോബർട്ട് തുർഡിയൻ (ചിക്കാഗോ ഫയർ), വിന്നി ഗാർഷ്യ (എൽ.എ. ഗാലക്സി) തുടങ്ങിയ പ്രമുഖ യുവതാരങ്ങൾ ഉൾപ്പെട്ടിരുന്നു. പരിശീലന ക്യാമ്പിനായി ടീം അറ്റ്ലാന്റയിൽ ഒത്തുചേരാനിരിക്കെയാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.
നവംബർ 19-നാണ് ഫിഫ അണ്ടർ-17 ലോകകപ്പ് ആരംഭിക്കുന്നത്. നവംബർ 21 ശനിയാഴ്ച മൊണ്ടെനെഗ്രോയ്ക്കെതിരെ ആയിരുന്നു യുഎസിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്.
ഫെബ്രുവരിയിൽ ഇറാനെതിരെ യു.എസ്-ഇസ്രായേൽ സംയുക്തമായി നടത്തിയ ആക്രമണങ്ങളും തുടർന്നുള്ള പ്രത്യാക്രമണങ്ങളുമാണ് മേഖലയിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചത്. സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടയിലും ആക്രമണം പുനരാരംഭിക്കുമെന്ന ഭീഷണികൾ നിലനിൽക്കുന്നുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി നിരവധി കായിക മത്സരങ്ങൾ ഇതിനകം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്.
Content Highlights: The US has officially withdrawn from the upcoming FIFA U-17 World Cup in Qatar., The decision is driven by security concerns and a Level 3 travel advisory issued by the US State Department., The tournament was scheduled to begin on November 19, with the US team's first match against Montenegro on November 21., Ongoing geopolitical tensions in the Middle East prompted this sudden withdrawal to ensure player and staff safety.