യുവേഫ വനിതാ നേഷൻസ് ലീഗ്: കപ്പുയർത്തി സ്പെയിൻ

സെവിയ: യുവേഫ വനിതാ നേഷന്‍സ് ലീഗ് ഫുട്‌ബോളിലെ പ്രഥമ എഡിഷനില്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനിന് കിരീടം. ഫൈനലില്‍ ഫ്രാന്‍സിനെ മറുപടിയില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചു. എയ്താന ബൊണ്‍മാറ്റി (32), മരിയോണ കാഡെന്റി (53) എന്നിവര്‍ ഗോളടിച്ചു. ലോകകപ്പ് നേടി ആറുമാസത്തിനുശേഷമാണ് സ്‌പെയിന്‍ വനിതകള്‍ രണ്ടാമത്തെ പ്രമുഖകിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ പുരുഷ നേഷന്‍സ് ലീഗ് ഫുട്‌ബോളിലും സ്‌പെയിനായിരുന്നു ജേതാക്കള്‍. നേഷന്‍സ് ലീഗിലെ രണ്ടുകിരീടവും സ്‌പെയിനിലേക്കെന്ന അപൂര്‍വതയുമായി.
നേരത്തേ സെമിഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച സ്‌പെയിന്‍ പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ആതിഥേയരെന്നനിലയില്‍ ഫ്രാന്‍സും നേഷന്‍സ് ലീഗില്‍ മൂന്നാംസ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ജയിച്ച ജര്‍മനിയും പാരീസ് ഒളിമ്പിക്‌സിലേക്ക് ടിക്കറ്റുറപ്പിച്ചു. നെതര്‍ലന്‍ഡ്‌സിനെയാണ് ജര്‍മനി തോല്‍പ്പിച്ചത് (2-0). ക്ലാര ബുല്‍ (66), ലിയ ഷൂളര്‍ (78) എന്നിവര്‍ വിജയഗോളടിച്ചു.
Content Highlights: uefa nations womens league spain win