ചാമ്പ്യന്‍സ് ലീഗ്; ആദ്യം ചെല്‍സിയുടെ തിരിച്ചടി, അവസാനം സെമി ഉറപ്പിച്ച് റയലിന്റെ തിരിച്ചുവരവ്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന റയല്‍ മാഡ്രിഡ് - ചെല്‍സി മത്സരം സാക്ഷിയായത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്. രണ്ടാം പാദത്തില്‍ മൂന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ഇരുപാദങ്ങളിലുമായി 5-4 ന്റെ ജയത്തോടെ റയല്‍ സെമിയിലേക്ക് മുന്നേറി. പുറത്തായെങ്കിലും റയലിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവില്‍ കാണികളുടെ മനംകവര്‍ന്നാണ് നിലവിലെ ജേതാക്കളായ ചെല്‍സി മടങ്ങിയത്.
ആദ്യപാദത്തില്‍ ചെല്‍സിയെ അവരുടെ തട്ടകത്തില്‍ 3-1 ന് വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം മൈതാനത്ത് റയല്‍ ഇറങ്ങിയത്. എന്നാല്‍ വര്‍ദ്ധിത വീര്യത്തോടെ കളത്തിലിറങ്ങിയ ചെല്‍സി ടീമിനെയായിരുന്നു അവര്‍ കണ്ടത്.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ചെല്‍സി 15-ാം മിനിറ്റില്‍ മേസണ്‍ മൗണ്ടിലൂടെ മുന്നിലെത്തി. പിന്നാലെ 52-ാം മിനിറ്റില്‍ അന്റോണിയോ റൂഡിഗറും സ്‌കോര്‍ ചെയ്തതോടെ അഗ്രഗേറ്റില്‍ ചെല്‍സി 3-3 ന് ഒപ്പമെത്തി. പിന്നാലെ 75-ാം മിനിറ്റില്‍ തിമോ വെര്‍ണറും സ്‌കോര്‍ ചെയ്തതോടെ ബെര്‍ണബ്യൂ ഒന്നടങ്കം ഞെട്ടി, അഗ്രഗേറ്റില്‍ ചെല്‍സി 4-3ന് മുന്നില്‍.
പിന്നില്‍ പോയതോടെ റയല്‍ രണ്ടു കല്‍പ്പിച്ച് ആക്രമണം ശക്തമാക്കി. 80-ാം മിനിറ്റില്‍ അതിന് ഫലവും കിട്ടി. ലൂക്ക മോഡ്രിച്ചിന്റെ കിറുകൃത്യമായ ക്രോസ് വലയിലെത്തിച്ച് റോഡ്രിഗോ രണ്ടാം പാദത്തിലെ റയലിന്റെ ആദ്യ ഗോള്‍ നേടി.
നിശ്ചിത സമയത്ത് മത്സരം അഗ്രഗേറ്റില്‍ 4-4 ന് സമനിലയിലായതോടെ കളി അധിക സമയത്തേക്ക് നീണ്ടു. 96-ാം മിനിറ്റില്‍ ബെര്‍ണബ്യുവിനെ ഇളക്കിമറിച്ച് കരീം ബെന്‍സേമയുടെ ഗോള്‍ വന്നു. വിനീഷ്യസ് ജൂനിയറിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ഇതോടെ റയല്‍ 5-4ന്റെ ലീഡെടുത്തു. പിന്നീട് ചെല്‍സി ആക്രമണങ്ങളെ പ്രതിരോധിച്ച റയല്‍ സെമിയിലേക്ക് മുന്നേറി. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഇത് 31-ാം തവണയാണ് റയല്‍ സെമിയിലെത്തുന്നത്.
Content Highlights: uefa Champions League Real Madrid beat Brave Chelsea to Reach Semifinals